സ്ത്രീത്വത്തെ അപമാനിച്ചു; കെ മുരളീധരൻ എംപിക്കെതിരെ പൊലീസിൽ പരാതി നൽകി തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ

0
66

കെ മുരളീധരൻ എംപിക്കെതിരെ പൊലീസിൽ പരാതി നൽകി തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ. അധിക്ഷേപകരമായ പരാമർശത്തിലാണ് ആര്യ മ്യൂസിയം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്.

ആര്യ രാജേന്ദ്രന്റെ പരാതിയിൽ നിയമോപദേശത്തിന് ശേഷം കേസ് എടുക്കുന്നതിന് മ്യൂസിയം പൊലീസ് തീരുമാനമെടുക്കും. നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും സ്ത്രീകളെ മോശമായി വരുത്താനുള്ള ശ്രമത്തെ നേരിടുമെന്നും മേയർ പറഞ്ഞു. മുരളീധരന് അദ്ദേഹത്തിന്റെ സംസ്‌ക്കാരമേ കാണിക്കാനാവൂവെന്നും തനിക്ക് ആ നിലയിൽ താഴാനാവില്ലെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.

നികുതിവെട്ടിപ്പിൽ പ്രതിഷേധിച്ച്‌ കോർപറേഷൻ ഓഫീസിന് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് കെ മുരളീധരൻ എംപി മേയർക്കെതിരെ പരാമർശം നടത്തിയത്. ആര്യ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണിപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകൾ ആണെന്നായിരുന്നു മുരളീധരന്റെ ആക്ഷേപം. ഇതൊക്കെ ഒറ്റമഴയത്ത് തളിർത്തതാണ്. മഴയുടേത് കഴിയുമ്ബോഴേക്കും സംഭവം തീരും. ഇങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്നും മുരളീധരൻ ആക്ഷേപിച്ചിരുന്നു. മുരളീധരന്റെ പരാമർശത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.