ബിവറേജസ് ഔട്ലെറ്റിലെ കളക്ഷന്‍ തുകയുമായി ജീവനക്കാരന്‍ മുങ്ങി

0
48

പാലക്കാട് കാഞ്ഞിരപ്പുഴയില്‍ ബിവറേജസ് ഔട്ലെറ്റിലെ കളക്ഷന്‍ തുകയുമായി ജീവനക്കാരന്‍ മുങ്ങി. കാഞ്ഞിരത്ത് പ്രവര്‍ത്തിയ്ക്കുന്ന മദ്യവില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരന്‍ ഗിരീഷാണ് നാല് ദിവസത്തെ കളക്ഷന്‍ തുകയായ മുപ്പത്തൊന്നേകാല്‍ ലക്ഷം രൂപയുമായി മുങ്ങിയത്.സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കാഞ്ഞിരം ബിവറേജസ് മദ്യവില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരനും ആലത്തൂര്‍ സ്വദേശിയുമായ ഗിരീഷാണ് പണവുമായി മുങ്ങിയത്. ഒക്ടോബര്‍ 21 മുതല്‍ 24 വരെയുള്ള നാല് ദിവസത്തെ കളക്ഷന്‍ തുകയായ 31, 25, 240 രൂപയുമായാണ് ഇയാള്‍ കടന്നുകളഞ്ഞത്. കഴിഞ്ഞ നാല് ദിവസവും ബാങ്ക് അവധിയായതിനാലാണ് പണം അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ പണം ചിറക്കല്‍പ്പടിയിലെ എസ്ബിഐ ശാഖയില്‍ അടക്കാനായി ഷോപ്പ് മാനേജര്‍ കൊടുത്തു വിട്ടപ്പോഴാണ് ഗിരീഷ് പണവുമായി മുങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും പോവുകയാണെന്നും വ്യക്തമാക്കിയുള്ള സന്ദേശം ഷോപ്പ് മാനേജര്‍ക്ക് അയച്ച ശേഷമാണ് മുങ്ങിയത്. ഇയാള്‍ സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. രണ്ട് വര്‍ഷത്തിലേറെയായി കാഞ്ഞിരം ഷോപ്പിലെ ജീവനക്കാരനാണ് ഗിരീഷ്. വാളയാര്‍ അതിര്‍ത്തിയിലാണ് ഗിരീഷിന്റെ അവസാനത്തെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയത്. പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫാണ്. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്