കൂട്ടബലാൽസംഗത്തിനിരയായ ദളിത് പെൺകുട്ടി മറ്റൊരിടത്ത് വച്ചും പീഡനത്തിന് ഇരയായതായി അന്വേഷണ സംഘം

0
57

ജാനകിക്കാട് വച്ച്‌ കൂട്ടബലാൽസംഗത്തിനിരയായ ദളിത് പെൺകുട്ടി മറ്റൊരിടത്ത് വച്ചും പീഡനത്തിന് ഇരയായതായി അന്വേഷണ സംഘം.തൊട്ടിൽപാലം കേസിലെ പ്രതിയായ രാഹുലും കുറ്റ്യാടി സ്വദേശി മർവ്വിനും ചേർന്ന് പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു.ഈ മാസം മൂന്നിന് ജാനകിക്കാട് വച്ചാണ് 17-കാരിയായ ദളിത് പെൺകുട്ടിയെ നാലു യുവാക്കൾ ചേർന്ന് പീഡിപ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുത്ത ഘട്ടത്തിലാണ് താൻ ഇതിനു ശേഷം മറ്റൊരിടത്തും പീഡനത്തിനിരയായെന്ന കാര്യം പെൺകുട്ടി വെളിപ്പെടുത്തിയത്. ഈ മാസം 16-ന് ചെമ്പനോടയിലെ വനപ്രദേശത്തു വച്ചായിരുന്നു പീഡനം.തൊട്ടിൽപാലം കേസിൽ അറസ്റ്റിലായ രാഹുലും കുറ്റ്യാടി സ്വദേശിയായ മർവ്വിനും ചേർന്നാണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി. തന്നെ പ്രദേശത്തേക്ക് പ്രതികൾ ബലമായി കൂട്ടിക്കൊണ്ടുപോയെന്നാണ് പെൺകുട്ടി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ് രജിസ്റ്റ‍ർ ചെയ്തത്.അറസ്റ്റ് രേഖപ്പെടുത്തിയ മർവ്വിനെ കോടതിയിൽ ഹാജരാക്കി. നിലവിൽ റിമാൻഡിലുളള പ്രതി രാഹുലിനെ പുതിയ കേസിലും പ്രതി ചേർത്തു. പോക്സോ, ദളിതർക്കെതിരായ അതിക്രമം തടയൽ, കൂട്ടബലാൽസംഗം എന്നീ വകുപ്പുകളാണ് പുതിയ കേസിലും പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കടുത്ത മാനസിക സമ്മർദത്തിലാണ് പെൺകുട്ടിയെന്നും, വിശദമായ മൊഴി പിന്നീട് രേഖപ്പെടുത്തുമെന്നും കോഴിക്കോട് റൂറൽ എസ്പി അറിയിച്ചു. അതേസമയം തൊട്ടിൽപാലം കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങാനായി പൊലീസ് വൈകാതെ കോടതിയിൽ അപേക്ഷ നൽകും.