തിരുവനന്തപുരത്ത് കുഞ്ഞിനെ അമ്മയിൽ നിന്നും വേർപെടുത്തിയ സംഭവം ; വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി വീണാ ജോർജ്

0
59

തിരുവനന്തപുരത്ത് കുഞ്ഞിനെ അമ്മയിൽ നിന്നും വേർപെടുത്തിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു.പേരൂർക്കട പൊലീസ്, സിറ്റി പൊലീസ് കമ്മീഷണർ, ഡിജിപി, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ, സിഡബ്ല്യൂസി ചെയർപേഴ്സൺ സുനന്ദ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവർക്ക് നോട്ടീസ് നൽകി. സംഭവത്തിൽ ഒക്ടോബർ 30നകം വിശദീകരണം നൽകണം. ബാലാവകാശ കമ്മീഷൻ അംഗം ഫിലിപ്പ് പാറക്കാട്ടിന്റെതാണ് നടപടി.തിരുവനന്തപുരത്ത് അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ  അന്വേഷണവുമായി സർക്കാരും പൊലീസും കമ്മീഷനുകളും. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്ന സി ഡബ്ള്യുസി ചെയർപേഴ്സന്റെ വാദം മന്ത്രി തള്ളി. പൊലീസ് ശിശുക്ഷേമ സമിതിയിൽ വിവരങ്ങൾ തേടിയെങ്കിലും ദത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് സമിതി മറുപടി നൽകി.കഴിഞ്ഞ വർഷം ഒക്ടോബർ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയിൽ വെച്ച്‌ തൻറെ അമ്മയും അച്ഛനും ചേർന്ന് കു‍ഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്‌എഫ്‌ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രിൽ19 ന് പേരൂർക്കട പൊലീസിൽ ആദ്യ പരാതി നൽകി. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈൽഡ് വെൽഫയർ കമ്മിറ്റി, സിപിഎം നേതാക്കൾ തുടങ്ങി എല്ലാവർക്കും പരാതി നൽകി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു. ഒടുവിൽ വാർത്ത പുറത്ത് കൊണ്ടുവന്നതിന് പിന്നാലെയാണ് പരാതി കിട്ടി ആറ് മാസത്തിന് ശേഷം പൊലീസ് എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തത്. വിവാദം ശക്തമാകുകയും ചെയ്തതോടെയാണ് അധികൃതർ കണ്ണ് തുറന്നത്.പരാതി എഴുതിക്കിട്ടാതെ കുഞ്ഞിനെ തിരിച്ചുകൊടുക്കാനുള്ള നടപടി സ്വീകരിക്കാനാകില്ലെന്ന സിഡബ്യൂസി ചെയർപേഴ്സ് സുനന്ദയുടെ നിലപാട് ആരോഗ്യമന്ത്രി തള്ളി. തുടക്കം മുതൽ ഒളിച്ചുകളിച്ച പൊലീസും ഒടുവിൽ അനങ്ങി തുടങ്ങി. പൊലീസ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം തേടി. സിഡബ്ല്യൂസിയുമായി കാര്യങ്ങൾ ചോദിച്ചറിയുകയാണ്. കുട്ടി ദത്ത് പോയതിനാൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന മറുപടിയാണ് ശിശുക്ഷേമ സമിതി നൽകിയത്. അഡോപ്ഷൻ ഏജൻസി, അനുപമ പ്രസവിച്ച നെയ്യാർമെഡിസിറ്റി തുടങ്ങിയ ഇടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ ദത്ത് നടപടി പൂർത്തിയായി എന്നിരിക്കെ ഇനി സർക്കാരും പൊലീസും എടുക്കുന്ന നടപടിയാണ് ഏറെ ശ്രദ്ധേയമാവുക.