Monday
12 January 2026
23.8 C
Kerala
HomeKeralaവിവാഹം ഓൺലൈനിൽ, ബന്ധുക്കൾ ഓഫ്‌ലൈനിൽ; സംസ്ഥാനത്തെ ആദ്യ ഓൺലൈൻ വിവാഹം പുനലൂരിൽ

വിവാഹം ഓൺലൈനിൽ, ബന്ധുക്കൾ ഓഫ്‌ലൈനിൽ; സംസ്ഥാനത്തെ ആദ്യ ഓൺലൈൻ വിവാഹം പുനലൂരിൽ

യുക്രൈനിലിരുന്ന് ജീവൻകുമാർ പുനലൂരിലെ സബ്രജിസ്ട്രാർ ഓഫീസിൽ ഹാജരായ ധന്യയെ ‘നിയമപരമായി’ ജീവിതസഖിയാക്കി. സംസ്ഥാനത്ത് ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള ആദ്യവിവാഹം. സബ്രജിസ്ട്രാർ ടി.എം.ഫിറോസിന്റെ മേൽനോട്ടത്തിലും ‘കാർമികത്വ’ത്തിലുമായിരുന്നു ചടങ്ങ്. മിനിറ്റുകൾക്കുള്ളിൽത്തന്നെ വിവാഹ സർട്ടിഫിക്കറ്റ് വധുവിന് കൈമാറി. കോവിഡ് വ്യാപനത്തെത്തുടർന്ന് ജോലിസ്ഥലമായ യുക്രൈനിൽനിന്ന് നാട്ടിലെത്താൻ കഴിയാതിരുന്ന പുനലൂർ ഇളമ്പൽ സ്വദേശി ജീവൻകുമാറും തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യാമാർട്ടിനും തമ്മിലായിരുന്നു വിവാഹം.

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മാർച്ചിൽ ഇവർ അപേക്ഷ നൽകിയിരുന്നു. എന്നാൽ നിശ്ചിത കാലാവധിക്കുള്ളിൽ ജീവൻകുമാറിന് നാട്ടിലെത്താൻ കഴിഞ്ഞില്ല. അപേക്ഷയുടെ കാലാവധി നീട്ടിക്കിട്ടണമെന്നും സബ്രജിസ്ട്രാർ ഓഫീസിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കി വീഡിയോ കോൺഫറൻസിലൂടെ വിവാഹം നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിന്റെയും വിദേശകാര്യമന്ത്രാലയത്തിന്റെയും ഐ.ടി.വകുപ്പിന്റെയും അഭിപ്രായം തേടി. കക്ഷികൾക്ക് അനുകൂലമായ വിധിയുണ്ടായതിനെത്തുടർന്നാണ് ഓൺലൈനിലൂടെയുള്ള ആദ്യവിവാഹത്തിന് പുനലൂർ സബ്രജിസ്ട്രാർ ഓഫീസ് വേദിയായത്.
ജീവൻകുമാറിനുപകരം രജിസ്റ്ററിൽ ഒപ്പുവെച്ചത് അച്ഛൻ ദേവരാജനാണ്. വിവാഹ ഓഫീസറായ ഫിറോസ്, ഗൂഗിൾ മീറ്റിലൂടെ യുക്രൈനിലുള്ള വരനെ കണ്ടു. ജില്ലാരജിസ്ട്രാർ സി.ജെ.ജോൺസൺ ഗൂഗിൾ മീറ്റിൽത്തന്നെ വിവാഹം നിരീക്ഷിച്ചു.

RELATED ARTICLES

Most Popular

Recent Comments