ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ബിജെപിക്ക് ബദലല്ല, പോരാടുന്നത് ഇടതുപക്ഷം: മുഖ്യമന്ത്രി

0
64

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മതനിരപേക്ഷതയുടെ വഴിയാണ് തെരഞ്ഞെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ്സുമായുള്ള ബന്ധം വേര്‍പെടുത്തി സിപിഎമ്മിനോടൊപ്പം നേതാക്കളും അണികളും വരുന്ന അനുഭവമാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ചിന്ത’യില്‍ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ദേശീയ തലത്തില്‍ ബിജെപിക്ക് ബദലാവാന്‍ കോണ്‍ഗ്രസിനാവില്ലെന്ന തലക്കെട്ടിലാണ് മുഖ്യമന്ത്രി ലേഖനം എഴുതിയിരിക്കുന്നത്. കെ പി അനില്‍ കുമാര്‍, പി എസ് പ്രശാന്ത് ഉള്‍പ്പെടെയുള്ളവരുടെ സിപിഎം പ്രവേശനം ചൂണ്ടികാട്ടിയായിരുന്നു ബിജെപിക്ക് ബദല്‍ ഇടതുപക്ഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.

ചിന്ത ലേഖനത്തിലെ പ്രസ്തുത ഭാഗം:

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി കോണ്‍ഗ്രസ്സില്‍ നിന്ന് നേരെ വര്‍ഗീയതയുടെ പാളയത്തിലേക്ക് ചാടാന്‍ കേരളത്തിലെ മഹാഭൂരിപക്ഷം കോണ്‍ഗ്രസ്സുകാരും തയാറാകുന്നില്ല. അവര്‍ മതനിരപേക്ഷതയുടെ വഴിയാണ് തെരഞ്ഞെടുക്കുന്നത് എന്നും മുഖ്യമന്ത്രി ലേഖനത്തില്‍ പറയുന്നു. കോണ്‍ഗ്രസ്സുമായുള്ള ബന്ധം വേര്‍പെടുത്തി സിപിഎമ്മിനോടൊപ്പം നേതാക്കളും അണികളും വരുന്ന അനുഭവമാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന പ്രസിഡന്റും കോണ്‍ഗ്രസ്സ് മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായ കെ പി അനില്‍ കുമാര്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് സംഘപരിവാറിന്റെ മനസുള്ളവരാണെന്ന് തുറന്നു പറഞ്ഞും മതനിരപേക്ഷ രാഷ്ട്രീയത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. മുന്‍ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത്, മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ തുടങ്ങിയ പ്രമുഖരായ കോണ്‍ഗ്രസ്സ് നേതാക്കള്‍ സിപിഐ എമ്മിലേക്ക് വന്നുകഴിഞ്ഞു എന്നും മുഖ്യമന്ത്രി ലേഖനത്തില്‍ പറയുന്നു.

ഒരുകാലത്ത് കോണ്‍ഗ്രസ്സിന്റെ ജനാധിപത്യ വിരുദ്ധതയ്‌ക്കെതിരെ നിലപാടെടുത്ത് എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും വരെ കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം നിന്നവരാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ശരിയായ രാഷ്ട്രീയ നിലപാടുകളെയും അതുയര്‍ത്തിപ്പിടിക്കുന്നവരെയും സിപിഐഎമ്മും ഇടതുപക്ഷവും എന്നും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുമെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ വ്യക്തമാക്കി.