അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ മധ്യകേരളത്തിന്റെ മലയോര മേഖലയിൽ കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. ദുരിതപ്പെയ്ത്തിൽ 24 ജീവനുകൾ നഷ്ടമായി. ശക്തമായ ഉരുൾപ്പൊട്ടലുണ്ടായ കൂട്ടിക്കൽ മേഖലയിൽ 13 മൃതദേഹങ്ങൾ കണ്ടെത്തി. സമാന സാഹചര്യമുള്ള കൊക്കയാറിൽ ഏഴ് പേരുടെയും മൃതദേഹം കിട്ടി. ഞായറാഴ്‌ച നടത്തിയ തെരച്ചിലിൽ ആകെ 17 പേരുടെ മൃതദേഹം കണ്ടെത്തി. മൂന്ന്‌പേരെ ശനിയാഴ്‌ച കണ്ടെത്തിയിരുന്നു. കൊക്കയാറിൽ രണ്ടുപേരെക്കൂടി കണ്ടെത്താനുണ്ട്.ഏറ്റുമാനൂരിൽ സെെനികൻ പാടത്ത് മുങ്ങിമരിച്ചതോടെ കോട്ടയം ജില്ലയിലെ മരണം 14 ആയി. ഇടുക്കിയിൽ പെരുവന്താനത്ത് ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചതോടെ മരണം എട്ടായി. തിരുവനന്തപുരം കല്ലാറിൽ യുവാവ് മുങ്ങി മരിച്ചു. മണക്കാട് സ്വദേശി അഭിലാഷാണ് (24) മരിച്ചത്. കോഴിക്കോട് തോട്ടിൽ വീണ് വടകര ഏറാമല പയ്യത്തൂരിൽ കണ്ടോത്ത് താഴക്കുനിയിൽ നൂർജഹാൻ -–-മുഹമ്മദ് ഷംജാസ് ദമ്പതികളുടെ മകൻ രണ്ടു വയസ്സുകാരൻ മുഹമ്മദ് റയ്ഹാൻ മരിച്ചു.
കൊക്കയാർ പൂവഞ്ചിക്ക് സമീപം മാക്കോച്ചിയിൽ കുന്നിടിഞ്ഞിറങ്ങി മണ്ണിനടിയിൽപ്പെട്ട് കാണാതായ ഒമ്പത് പേരിൽ ഏഴുപേരെ കണ്ടെത്തി. ചേരിപ്പുറത്ത് ഫൗസിയ സിയാദ്(28), മക്കളായ അംന സിയാദ്(7), അമിൻ സിയാദ്(10), ഫൗസിയായുടെ സഹോദരൻ കല്ലുപുരയ്‌ക്കൽ ഫൈസലിന്റെ മക്കളായ അഫ്‌സാര ഫൈസൽ(8), അഹിയാൻ(4), പെരുവന്താനം വില്ലേജിൽ ജോജി(44) എന്നിവരുടെയും മൃതദേഹം ഇവിടെ മണ്ണിനടിയിൽനിന്നും ഷാജി ചിറയിലിന്റെ(55) മൃതദേഹം മുണ്ടക്കയത്ത് നിന്നുമാണ് ലഭിച്ചത്.