മഴ തുടരുന്ന സാഹചര്യത്തിൽ കാക്കി ഷോളയാർ ഡാമുകൾ ഇന്ന് തുറക്കും. കക്കി ‐ ആനത്തോട് ഡാം രാവിലെ 11 ന് തുറക്കും. നാല് ഷട്ടറുകളില്‍ 2 എണ്ണമാണ് തുറക്കുക. 100 മുതല്‍ 200 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും. പമ്പയില്‍ 10മുതൽ -15 സെന്റിമീറ്റര്‍ വെള്ളം ഉയരുമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. മിതമായ തോതിലാകും ജലം തുറന്നുവിടുക. താഴ്‌ന്ന പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറണം.
കൊല്ലം തെൻമല അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി. കല്ലടയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഷോളയാർ ഡാം 10 മണിക്ക് തുറക്കും. ഇതോടെ 100 ക്യുമെക്‌സ് അടിവെള്ളം ചാലക്കുടിപുഴയിലേക്ക് എത്തും. 6 മണിക്കൂറുകൊണ്ട് വെള്ളം ചാലക്കുടി പുഴയിലെത്തും. പുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും. പറമ്പിക്കുളത്ത് നിന്നും നിലവിൽ ചാലക്കുടി പുഴയിൽ വെള്ളം എത്തുന്നുണ്ട്. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ നിർദേശം നൽകിയിട്ടുണ്ട്.
ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഞായറാഴ്ച രാത്രിയും ശക്തമായ മഴ പെയ്തിരുന്നു. ഡാമിന്റെ പരമാവധി സംഭരണ ശേഷി 2403 അടിയാണ് നിലവിൽ ഡാമിന്റെ ജലനിരപ്പ് 2396.86 അടി ആയിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ തിങ്കൾ പുലർച്ചെ ഏഴ് മണിയോടെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഒരടി കൂടി വെള്ളം ഉയര്‍ന്നാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിടണം. ആ ജലനിരപ്പിലേക്കെത്താൻ രണ്ടുദിവസത്തെ സമയമെടുക്കുമെന്നാണ് വിലയിരുത്തൽ. നീരൊഴുക്ക് കുറവായ നിലവിലെ സാഹചര്യത്തിൽ അത്തരമൊരു അവസ്ഥ ഉണ്ടാകാൻ സാധ്യതയില്ല എങ്കിലും ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.