ആറ്റിങ്ങലിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി

0
101

കനത്ത മഴയിൽ ആറ്റിങ്ങലിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ കുന്നുവാരം സ്കൂളിലും രാമച്ചംവിള സ്കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. കൊട്ടിയോട് ഭാഗത്തുള്ള 77പേരെ കുന്നുവാരം സ്കൂളിലും മീമ്പാട്ടുള്ള 29 പേരെ രാമച്ചംവിള സ്കൂളിലേക്കും മാറ്റി പാർപ്പിച്ചു. വെള്ളത്തിൽ അകപ്പെട്ട വളർത്തുമൃഗങ്ങളേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻപിള്ള, മുൻ ചെയർമാൻ എം. പ്രദീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. ഷീജ, രമ്യ സുധീർ, കൗൺസിലർമാരായ ആർ.രാജു, എസ്. സുഖിൽ, വി.എസ്. നിതിൻ, സംഗീതാറാണി എന്നിവർ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഡെപ്യൂട്ടി തഹൽസീദാർ അജിത, ചാർജ് ഓഫീസർ ഷീജ, വില്ലേജ് ഓഫീസർ മനോജ് എന്നിവരുടെ സംഘം ഇരു ക്യാമ്പുകളിലുമെത്തി താമസക്കാരുടെ വിവര ശേഖരണം നടത്തി. ക്യാമ്പിലെ അന്തേവാസികളുടെ ആരോഗ്യനില ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായുള്ള അടിയന്തിര നടപടിയും സ്വീകരിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം നടത്തി. കൂടുതൽപേരെ മാറ്രിപ്പാർപ്പിക്കേണ്ടി വന്നാൽ അതിനുള്ള മുന്നൊരുക്കങ്ങളും നഗരസഭ നടത്തിക്കഴിഞ്ഞു.

കന്നുകാലി ഫാം മുങ്ങി

കൊട്ടിയോട് വാഴപ്പള്ളി ലൈനിൽ ബാബുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന കന്നുകാലി ഫാം വെള്ളത്തിൽ മുങ്ങി. നഗരസഭാ ചെയർപേഴ്സന്റെ നേതൃത്വത്തിൽ കൗൺസിലർ എസ്. സുഖിൽ,​ വി.എസ്. നിതിൻ,​ പ്രശാന്ത് മങ്കാട്ട്, വിനീഷ്, ശരത്, അഖിൽ എന്നിവരുടെ നേതൃത്വത്തിൽ മുപ്പത് പശുക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എന്നാൽ വാമനപുരം നദിയിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.