രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ നൂറ് ശതമാനം യാത്രക്കാരുമായി സർവീസ് പുനഃരാരംഭിച്ചു

0
43

രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ നൂറ് ശതമാനം യാത്രക്കാരുമായി സർവീസ് പുനഃരാരംഭിച്ചു. കൊവിഡ് വ്യാപനം കുറഞ്ഞ പഞ്ചാത്തലത്തിലാണ് വ്യോമയാന മന്ത്രാലയം ഇന്ന് മുതൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്.

കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവ്വീസുകൾ കഴിഞ്ഞ വർഷം മെയ് 25 ന് പുനരാരംഭിച്ചിരുന്നെങ്കിലും ഇതുവരെയും പൂർണമായും യാത്രക്കാരെ പ്രവേശിപ്പിച്ചിരുന്നില്ല.

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുകയാണ്. മഹരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 1715 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ് നാട്ടിൽ 1128 പേർക്കും കൊവിഡ് റിപ്പോർട്ട്‌ ചെയ്തു. ഈ ആഴ്ച്ച രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ ഡ്രൈവ് 100 കോടി കവിയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ 97 കോടിയിലേറെ പേരാണ് വാക്‌സിൻ സ്വീകരിച്ചത്.

എന്നാൽ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട ശേഷം ഇതാദ്യമായാണ് മുംബൈയിൽ കൊവിഡ് മരണമൊന്നും റിപ്പോർട്ട് ചെയ്യാത്ത ദിവസം കടന്നു പോകുന്നത്. പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച നഗരങ്ങളിലൊന്നായ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം ഞായറാഴ്ച 367 കൊവിഡ് കേസുകൾ രേഖപ്പെടുത്തി. 518 പേർക്ക് അസുഖം ഭേദമായി.