സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്​റ്റ്​ ഡിസംബര്‍ 12 മുതല്‍ ജനുവരി 13 വരെ ദേശീയതലത്തില്‍ നടത്തും

0
53

കേന്ദ്രീയ/നവോദയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള സ്​കൂളുകളിലും മറ്റും ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ അധ്യാപക നിയമനത്തിനായുള്ള യോഗ്യതനിര്‍ണയ പരീക്ഷയായ സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്​റ്റ്​ ഡിസംബര്‍ 12 മുതല്‍ ജനുവരി 13 വരെ ദേശീയതലത്തില്‍ നടത്തും. സി.ബി.എസ്​.ഇ ന്യൂഡല്‍ഹിയിലാണ്​ പരീക്ഷ സംഘടിപ്പിക്കുന്നത്​. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്ബ്യൂട്ടര്‍ അധിഷ്​ഠിത ‘സി​-ടെറ്റ്​’​ രാവിലെ 9.30 മുതല്‍ ഉച്ചക്ക്​ 12 മണി വരെയും ഉച്ചക്കുശേഷം 2.30 മുതല്‍ അഞ്ചു മണി വരെയും രണ്ടു​ ഷിഫ്​റ്റുകളായാണ്​ നടത്തുന്നത്​.

മള്‍ട്ടിപ്പിള്‍ ചോയ്​സ്​ മാതൃകയിലുള്ള ടെസ്​റ്റില്‍ രണ്ടു​ പേപ്പറുകളുണ്ട്​. പേപ്പര്‍ ഒന്ന്, ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളിലേക്കും പേപ്പര്‍ രണ്ട്​, ആറു മുതല്‍ എട്ടുവരെ ക്ലാസുകളിലേക്കും അധ്യാപകരാകാനുള്ളതാണ്. മലയാളം, ഇംഗ്ലീഷ്​, ഹിന്ദി, തമിഴ്​, സംസ്​കൃതം, കന്നട, തെലുങ്ക്​ ഉള്‍പ്പെടെ 20 ഭാഷകളില്‍ പരീക്ഷയെഴുതാം. പരീക്ഷക്കായി രണ്ടു ഭാഷകള്‍ തിരഞ്ഞെടുക്കാം. പരീക്ഷഘടനയും സിലബസും യോഗ്യത മാനദണ്ഡങ്ങളും സെലക്​ഷന്‍ നടപടിയുമെല്ലാം അടങ്ങിയ വിജ്ഞാപനവും ‘സി-ടെറ്റ്​​’ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും https://ctet.nic.inല്‍നിന്ന്​ ഡൗണ്‍ലോഡ്​ ചെയ്യാം.കേരളത്തില്‍ ആലപ്പുഴ, എറണാകുളം (കൊച്ചി), ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്​, കൊല്ലം, കോട്ടയം, കോഴിക്കോട്​, മലപ്പുറം, പാലക്കാട്​, തിരുവനന്തപുരം, തൃശൂര്‍ എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയുമാണ്​ പരീക്ഷകേ​ന്ദ്രങ്ങള്‍. മുന്‍ഗണനാക്രമത്തില്‍ നാലു​ കേന്ദ്രങ്ങള്‍ പരീക്ഷക്കായി തിരഞ്ഞെടുക്കാം.അപേക്ഷ ഓണ്‍ലൈനായി https://ctet.nic.inല്‍ സമര്‍പ്പിക്കാം. ഒക്​ടോബര്‍ 19 വരെ അപേക്ഷ സ്വീകരിക്കും.