ഓലത്താന്നിയിൽ വെള്ളപ്പൊക്കത്തിലകപ്പെട്ട കുടുംബത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ് സംഘം

0
37

രണ്ട് ദിവസമായി പെയ്ത കനത്തമഴയിൽ താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. രാമേശ്വരം, അമരവിള, ഓലത്താന്നി തുടങ്ങിയ സ്ഥലങ്ങളിൽ പല വീടുകളിലും വെള്ളം കയറി. താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ തുടങ്ങിയ കനത്തമഴ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ശമിച്ചത്.

ഓലത്താന്നിയിൽ വെള്ളപ്പൊക്കത്തിലകപ്പെട്ട കുടുംബത്തെ ഫയർഫോഴ്സ് സംഘം അത്ഭുതകരമായാണ് രക്ഷപ്പെടുത്തിയത്. നാരകംകുഴി പുത്തൻ വീട്ടിൽ മോഹനകുമാർ (വിജയൻ) , ഭാര്യ ഉഷ മക്കളായ ആൻസി, അഖിൽ എന്നിവരെയാണ് ഫയർഫോഴ്സ് ഡിങ്കിബോട്ട് എത്തിച്ച് കരയ്ക്കെത്തിച്ചത്. നെയ്യാറ്റിൻകര സ്റ്റേഷൻ ഓഫീസർ എസ് ബി രൂപേഷിൻ്റെയും പാറശാല സ്റ്റേഷൻ ഓഫീസർ കെ വി സുനിൽകുമാറിൻ്റെയും നേതൃത്വത്തിലുള്ള ഫയർ ആൻഡ് റെസ്ക്യൂ സംഘത്തിൽ സിവിൽ ഡിഫൻസ് അംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ അജികുമാർ ബാബു, ഡി എം പദ്മകുമാർ, ഫയർ ഓഫീസർമാരായ ശിവകുമാർ, അർജുൻചന്ദ്ര, ശരത്, പ്രാശോഭ്, ശ്യാംലാൽ, വിബിൻ, സുജിത്, ഫയർമാൻ ഡ്രൈവർമാരായ ബാബു, പ്രശാന്ത്, ഷഫീക്, ഷിബു, അരുൺലാൽ, ഹോംഗാർഡ് സ്റ്റീഫൻ എന്നിവർ രക്ഷാദൗത്യ സംഘത്തിലുണ്ടായിരുന്നു. റബ്ബർ ഡിങ്കിയും ഒ ബി എഞ്ചിനും ഉപയോഗിച്ചാണ് വെള്ളത്തിലകപ്പെട്ടവരെ സംഘം രക്ഷിച്ചത്. രക്ഷപ്പെടുത്തിയ വിജയനെയും കുടുംബത്തെയും പിന്നീട് ഓലത്താന്നിയിലെ ദുരിതാശ്വാസ കേന്ദ്രമായി പ്രവർത്തിക്കുന്ന ആർ സി ചർച്ചിലേക്ക് മാറ്റി.

പ്രദേശത്തെ യുവജന കൂട്ടായ്മയും നാട്ടുകാരും വിജയനെയും കുടുംബത്തെയും രക്ഷപ്പെടുത്താൻ മുന്നിട്ടിറങ്ങി. നഗരസഭാ ചെയർമാൻ പി. കെ രാജ്മോഹൻ വെള്ളക്കെട്ടുണ്ടായ ഓലത്താന്നിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മഴയെ തുടർന്ന് വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സിഎസ്ഐ ദേവാലയത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ മുപ്പതോളം പേരാണ് കഴിയുന്നത്. ഓലത്താന്നി വാർഡ് മെമ്പർ എസ്. ദീപയുടെ നേതൃത്വത്തിലാണ് ക്യാമ്പിൻ്റെ മേൽനോട്ടവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടക്കുന്നത്.
വെള്ളക്കെട്ട്: ഓലത്താന്നിയിൽ രക്ഷകരായി ഫയർഫോഴ്സ് സംഘം