പവർക്കട്ടിന് പിന്നാലെ രാജ്യത്ത് രാസവള ക്ഷാമം, നട്ടം തിരിഞ്ഞ് ജനം

0
86

രാജ്യത്ത് രാസവളത്തിന് ക്ഷാമം രൂക്ഷം. ഡൈ അമോണിയം ഫോസ്ഫേറ്റ്‌ (ഡിഎപി), മ്യൂറിയേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌ (എംഒപി) എന്നിവ കിട്ടാനില്ല. രാജസ്ഥാൻ, മധ്യപ്രദേശ്‌, ഹരിയാന സംസ്ഥാനങ്ങളിൽ വളം ഡിപ്പോകൾക്കു മുന്നിൽ കർഷകർ തമ്മിലടിക്കുന്ന വീഡിയോ പ്രചരിക്കുന്നു. രാജസ്ഥാനിൽ പലയിടത്തും നറുക്കെടുപ്പിലൂടെയാണ്‌ വളം വിതരണം. അന്താരാഷ്ട്ര വിപണിയിൽ വളംവില ഉയരുന്നു. റിലയൻസ്, ടാറ്റ വളം കമ്പനികൾ ഇറക്കുമതി കുറച്ചു. വളം സബ്‌സിഡിയിൽ അടുത്തിടെ കേന്ദ്രം നേരിയ വർധന വരുത്തിയെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായില്ല. ഡിഎപി, എൻപികെഎസ്‌ മിശ്രിതം, എംഒപി സ്‌റ്റോക്ക്‌ മുൻവർഷത്തിന്റെ പകുതി മാത്രം. രാജസ്ഥാനിൽ ഒക്‌ടോബറിൽ ഒന്നര ലക്ഷം ടൺ എൻകെപി വേണ്ടിടത്ത്‌ എത്തിയത് 68,000 ടൺ.

വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ രാജ്യത്ത് പവർകട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തോട് ദേശിയ പൂളിലേക്ക് വൈദ്യുതി നൽകാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതിക്ക് പിന്നാലെ വളവും ലഭ്യമല്ലാതാകുന്നത് കർഷകർക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. ഉത്തരേന്ത്യയിലെ ഗോതമ്പ്‌ കർഷകരടക്കം റാബി സീസണിനുള്ള വിത്തുവിതയ്‌ക്കലിലേക്ക്‌ നീങ്ങവെ ക്ഷാമം രൂക്ഷമായി. തമിഴ്‌നാട്‌, കർണാടക, കേരളം അടക്കം തെക്കൻ സംസ്ഥാനങ്ങളിലും രാസവളം ആവശ്യത്തിനു കിട്ടുന്നില്ല. ഡിമാൻഡ് കൂടുകയും വളം കിട്ടാനില്ലാതാവുകയും ചെയ്തതോടെ വില കുതിച്ചുയരുകയാണ്.