ഇടുക്കി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. പൂജ അവധിയും കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളും പ്രമാണിച്ച് മൂന്നാര്‍, വാഗമണ്‍ എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കാണ് രണ്ടു ദിവസമായി അനുഭവപ്പെടുന്നത്.
കുടുംബവുമായി എത്തുന്നവരാണ് അധികവും. സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയതോടെ ടൂറിസം കേന്ദ്രങ്ങളിലെ വഴിയോരക്കച്ചവടങ്ങളെല്ലാം പുനരാരംഭിച്ചു. പൂജയുടെ അവധി ദിനങ്ങളോട് അനുബന്ധിച്ച് പ്രധാന ഹോട്ടലുകളിലും ഹോംസ്റ്റേകളിലും തിരക്കുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത് മൂന്നാറിലാണ്.
രണ്ടുദിവസങ്ങളിലായി ആയിരക്കണക്കിനാളുകളാണ് മൂന്നാറിലേക്ക് എത്തിയത്. തമിഴ്നാട്ടില്‍നിന്നുള്ള സന്ദര്‍ശകരും മൂന്നാറിലേക്ക് എത്തുന്നുണ്ട്. ദേവികുളം ഗ്യാപ് റോഡ് ഗതാഗതത്തിന് തുറന്നതും മൂന്നാറില്‍ കോവിഡ് നിയന്ത്രണ വിധേയമാണെന്നതും തിരക്ക് വര്‍ധിക്കാന്‍ കാരണമാണ്.
മുന്‍കൂര്‍ ബുക്ക് ചെയ്യാതെ എത്തിയാല്‍ മൂന്നാറില്‍ മുറികള്‍ ലഭിക്കാന്‍ സാധ്യത കുറവാണ്. മാട്ടുപ്പെട്ടി, ഇരവികുളം എന്നിവിടങ്ങളിലും സഞ്ചാരികള്‍ വര്‍ധിച്ചിട്ടുണ്ട്.
തിരക്കേറിയതോടെ വഴിയോര കച്ചവടക്കാരും മൂന്നാറില്‍ സജീവമായിട്ടുണ്ട്. മഞ്ഞും മഴയും സഞ്ചാരികള്‍ ആവേശത്തോടെയാണ് കാണുന്നത്. മഴ ആസ്വദിക്കാനായി ഹൈറേഞ്ചിലെത്തുന്നവരും കുറവല്ല. കൂടുതലായി വാഹനങ്ങളെത്തിത്തുടങ്ങിയതോടെ ഗതാഗതക്കുരുക്കും പതിവായിട്ടുണ്ട്.
മലയാളികള്‍ക്ക് പുറമേ തമിഴ്നാട്ടില്‍നിന്നുള്ള സഞ്ചാരികളും കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്. വനംവകുപ്പിെന്റ വിവിധ ട്രക്കിങ് ഉള്‍പ്പെടെ മിക്ക വിനോദ പരിപാടികളും സജീവമായിട്ടുണ്ട്.