ഐ പി എൽ പതിനാലാം സീസൺ കിരീടം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്

0
153

ചെന്നൈ സൂപ്പർ കിങ്സ് ഐ പി എൽ പതിനാലാം സീസണിലെ രാജാക്കന്മാർ. വാശിയേറിയ ഫൈനലിൽ കൊൽക്കത്തയെ 27 റൺസിന് തോൽപ്പിച്ചാണ് എം എസ് ധോനിയുടെയും സംഘത്തിൻറേയും നേട്ടം. ഇത് നാലാം തവണയാണ് ചെന്നൈ ഐ പി എൽ കിരീടത്തിൽ മുത്തമിടുന്നത്.

ഒരിടവേളയ്ക്ക് ശേഷമുള്ള കിരീട വിജയം എം എസ് ധോണിക്കും സംഘത്തിനും മധുര പ്രതികാരമാണ്. കളിയുടെ എല്ലാ മേഖലയിലും മികച്ച പ്രകടനം പുറത്തെടുത്താണ് ചെന്നൈയുടെ മഞ്ഞപ്പട പതിനാലാം സീസണിലെ രാജാക്കന്മാരായത്.

ദുബായ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ ബാറ്റിംഗിന് തുണയായത് ഓപ്പണർ ഫാഫ് ഡ്യൂപ്ലെസിസാണ്.തകർപ്പൻ അർധസെഞ്ച്വറിയുമായി ഡ്യൂപ്ലെസിസ് കളം വാണപ്പോൾ കൊൽക്കത്ത ബൗളർമാർ വശം കെട്ടു. 59 പന്തിൽ നിന്നും 7 ബൗണ്ടറിയും മൂന്ന് സിക്സറും ചാരുത തൊങ്ങൽ ചാർത്തിയ ഇന്നിംഗ്സ് ചെന്നൈയെ സുരക്ഷിത സ്കോറിലെത്തിച്ചു.

37 റൺസുമായി മുയീൻഅലി ഒരറ്റത്ത് ഡ്യൂപ്ലെസിസിന് മികച്ച പിന്തുണയേകി. റോബിൻ ഉത്തപ്പ 31 റൺസും റുതുരാജ് ഗെയ്ക്ക് വാദ് 32 റൺസും നേടി. ബൗളർമാരെല്ലാം തല്ല് വാങ്ങിയ മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ സുനിൽ നരൈൻ മാത്രമായിരുന്നു കൊൽക്കത്ത നിരയിൽ ഭേദം. റൺമല ചേസ് ചെയ്യാനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പണർമാരായ വെങ്കിടേഷ് അയ്യരും ശുഭ്മാൻ ഗില്ലും നൽകിയത് സ്വപ്ന തുല്യമായ തുടക്കമാണ്.