രക്ഷപ്രവർത്തനത്തിന് സൈന്യവും, Mi-17, സാരംഗ് ഹെലികോപ്റ്ററുകൾ സജ്ജമായി, ആദ്യ സംഘം കാഞ്ഞിരപ്പള്ളിയിൽ

0
82

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ ദുരന്തനിവാരണ രക്ഷ പ്രവർത്തനത്തിൽ സിവിൽ അഡ്മിനിസ്ട്രേഷനെ സഹായിക്കാൻ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം, ഇന്ത്യൻ വ്യോമസേനയും ഇന്ത്യൻ സൈന്യവും രംഗത്തെത്തി. Mi-17, സാരംഗ് ഹെലികോപ്റ്ററുകൾ എന്നിവ ആവശ്യാനുസരണം ഉപയോഗിക്കാൻ ഇതിനകം സ്റ്റാൻഡ്ബൈ മോഡിലാണ്. കേരളത്തിലെ നിലവിലുള്ള കാലാവസ്ഥ കണക്കിലെടുത്ത് ദക്ഷിണ വ്യോമ കമാൻഡിന് കീഴിലുള്ള എല്ലാ താവളങ്ങളും അതീവ ജാഗ്രതയിലാണ്

പ്രളയബാധിത പ്രദേശങ്ങളിലേക്ക് ഇന്ത്യൻ സൈന്യം ഇതിനകം സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഒരു യൂണിറ്റിൽ ഒരു ഓഫീസർ, 2 ജെസിഒമാർ, മറ്റ് 30 റാങ്കിലുള്ള സൈനികർ എന്നിവരും മേജർ അബിൻ പോളിന്റെ നേതൃത്വത്തിൽ പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ നിന്ന് രണ്ട് ബൗട്ടും ഒബിഎമ്മും മറ്റ് ഉപകരണങ്ങളും ഉൾപ്പടെയായി കാഞ്ഞിരപ്പള്ളിയിലേക്ക് രക്ഷ ദൗത്യത്തിന് തിരിച്ചു കഴിഞ്ഞു. സംസ്ഥാന സർക്കാർ അധികൃതരുമായി ഐഎഎഫും കരസേന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച ഇപ്പോഴും തുടരുകയാണ്.

സൈന്യം കൂടി രംഗത്ത് വന്നതോടെ ഒറ്റപ്പെട്ട നിലയിലായ കൂട്ടിക്കൽ , കോട്ടയത്തിന്റെ കിഴക്കൻ മേഖലകൾ, പീരുമേട് എന്നിവിടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജമാകും. പ്രാദേശിക രക്ഷാപ്രവർത്തന സംഘടനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥയിൽ ഹെലികോപ്റ്റർ ഉൾപ്പടെയുള്ള സംവിധാനങ്ങൾ അനിവാര്യമാണ്. വെള്ളക്കെട്ടായതിനാൽ റോഡ് മാർഗം രക്ഷാപ്രവർത്തനം നടത്തുന്നതിന് പ്രയാസമുണ്ട്.