ആദിവാസി ഊരിൽ നിന്നും വെസ്റ്റേൺ ലുക്കിൽ, ഞെട്ടിച്ച് ഫോട്ടോഷൂട്ട്, വൈറലായി ചെമ്പൻ ചേട്ടൻ, അലന് അതിജീവനത്തിന്റെ സന്തോഷം

0
62

ഗൗതം അമ്രകുഞ്ചം
കണ്ണൂർ ആറളം പഞ്ചായത്തിലെ ചെമ്പൻ എന്ന ആദിവാസി മനുഷ്യൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. ചെമ്പൻ ചേട്ടന്റെ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറലാകുന്നത്. കണ്ണൂർ പേരാവൂർ സ്വദേശിയായ അലൻ നടത്തിയ ഫോട്ടോഷൂട്ടാണ് ചെമ്പനെ സോഷ്യൽ മീഡിയ താരമാക്കിയത്.

സാധാരണ വേഷത്തിൽ നിന്നും ഹാറ്റും, സ്യൂട്ടും, പൈപ്പുമായി വെസ്റ്റേൺ ലുക്കിൽ ചെമ്പൻ ചേട്ടൻ മാറിയപ്പോൾ നാട്ടുകാർക്കും അത്ഭുതം. അലന്റെ ഫോട്ടോഷൂട്ടിന് എന്താണിത്ര പ്രത്യേകത ? ഫാഷൻ ഫോട്ടോഗ്രാഫിയും, പോട്രെയ്റ്റ് ഫോട്ടോഗ്രാഫിയും, സ്റ്റൈലിങ്ങുമൊക്കെ യൂറോപ്യൻ നാടുകളിൽ പ്രചാരത്തിൽ വന്നിട്ട് കാലങ്ങളായെങ്കിലും മലയാളിക്ക് അത് പുതുമയുള്ള ഒന്നാണ്.

ഈ മേഖലയിൽ പരീക്ഷണം നടത്തുന്ന നിരവധി ഫോട്ടോഗ്രാഫർമാർ ഇന്ന് കേരളത്തിലും സജീവമാണ്. ഇത്തരം ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ നാം കാണുന്നുണ്ട് പക്ഷെ അളവിന്റെ ഫോട്ടോഷൂട്ടിന് പിന്നിൽ അതിജീവനത്തിന്റെ ഫ്രെയിമുകൾ തെളിച്ചത്തോടെ കിടക്കുന്നുണ്ട്.

ചെമ്പൻ ചേട്ടന്റെ ഫോട്ടോഷൂട്ടിന് മൂന്നു വർഷം മുൻപ് അലന്റെ ജീവിതത്തിൽ സംഭവിച്ചത് വലിയ ദുരന്തമായിരുന്നു. എറണാകുളത്ത് നിന്നും സിനിമാറ്റോഗ്രഫി പഠിച്ചിറങ്ങിയ ആൽവിനും സുഹൃത്തും കോട്ടയത്ത് ഒരു സ്റ്റുഡിയോ ആരംഭിച്ചു. സിനിമ എന്ന സ്വപ്നത്തിലേക്കുള്ള അവരുടെ ആദ്യ ചവിട്ടുപടിയായിരുന്നു സ്റ്റുഡിയോ. മനസ്സിൽ നിറയെ സ്വപ്നങ്ങളുമായി ആ ചെറുപ്പക്കാർ സ്റ്റുഡിയോ ഉദ്‌ഘാടനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി. ബൈക്കിലായിരുന്നു യാത്ര.

വിധി വില്ലനായെത്തിയ ആ യാത്രയിൽ അലനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഒരു കാർ വന്നിടിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അപകട സ്ഥലത്ത് തന്നെ മരണപ്പെട്ടു, അലന് സ്‌പൈനൽ ഇഞ്ചുറി സംഭവിച്ച് തളർന്നു കിടപ്പായി. ഒരു നിമിഷം കൊണ്ട് ജീവിതത്തിൽ സ്വപ്നം കണ്ടിരുന്നതെല്ലാം ഇരുൾ മൂടിയ അവസ്ഥ. സുഹൃത്തിനെ കൂടി നഷ്ടപ്പെട്ടതോടെ മാനസികമായും തളർന്ന നിലയിലായി അലൻ. നട്ടെല്ലിന് പരിക്കേറ്റു കിടപ്പിലായ അലൻ പക്ഷെ ജീവിതത്തിന്റെ നിറമുള്ള ഫ്രെയിമുകൾ സ്വപ്നം കണ്ടു. ജീവിതത്തിലേക്ക് തിരിച്ചു വരാൻ ആ ചിത്രങ്ങൾ അലനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

കോട്ടയത്തെ സുഹൃത്തുക്കൾ കാണാനെത്തിയ സാഹചര്യത്തിലാണ് അലൻ ചെമ്പൻ ചേട്ടന്റെ ഫോട്ടോഷൂട്ട് നടത്തുന്നത്. മൂന്ന് വർഷത്തിന് ശേഷമുള്ള ക്ലിക്ക്, അത് ഹിറ്റായി.

തൻ സ്വായത്തമാക്കിയ കഴിവ് നഷ്ടപ്പെട്ടു പോകരുതെന്ന് കരുതി ഒന്ന് ട്രൈ ചെയ്തതാണെന്ന് അലൻ പറയുമ്പോഴും, ജീവിതത്തെ വ്യത്യസ്തമായി കാണാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്റെ ഊർജവും, ലക്ഷ്യബോധവും വായിച്ചെടുക്കാം. ഇതിനിടയിൽ സുഹൃത്ത് അഭിനയിച്ച് മുഴുമിപ്പിയ്ക്കാതെ പോയ ഒരു ഹ്രസ്വ ചിത്രം അലൻ പുറത്തിറക്കി. നിലവിൽ സിനിമ എന്ന സ്വപ്നത്തിന്റെ ആദ്യഘട്ടം , തിരക്കഥ പൂർത്തിയാക്കി, തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് അലൻ.