വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേഗം കൂടും

0
93

വിഴിഞ്ഞം പദ്ധതി വേഗത്തിൽ പൂർത്തീകരിച്ച് കമ്മിഷൻ ചെയ്യാൻ സർക്കാർ നടപടി തുടങ്ങിയതോടെ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗം കൂടി. തുറമുഖ നിർമ്മാണത്തിന്റെ പുരോഗതി നിരീക്ഷിക്കുന്നതിന് വർക്ക് കൗണ്ട്ഡൗൺ കലണ്ടർ തയ്യാറാക്കുന്ന നടപടിയും ഉടൻ പൂർത്തിയാകും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി എം.ഡിയായി ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തുകയും വിഴിഞ്ഞം തുറമുഖ ആസ്ഥാനത്ത് വിസിൽ ഓഫീസ് പ്രവർത്തനം തുടങ്ങിയതും പദ്ധതിക്ക് ഉണർവായി. തുറമുഖ നിർമ്മാണം 1000 ദിവസത്തിനുള്ളിൽ പൂർത്തിയാവുമെന്നാണ് ആദാനി ഗ്രൂപ്പ് ആദ്യം പറഞ്ഞിരുന്നത്. ഇതു പ്രകാരം പദ്ധതി 2019 ഡിസംബർ മൂന്നിനകം പൂർത്തിയാകണമായിരുന്നു.

എന്നാൽ ഇപ്പോഴും പദ്ധതി പൂർത്തിയായിട്ടില്ല. 3100 മീറ്രറോളം പുലിമുട്ട് സ്ഥാപിക്കേണ്ടിടത്ത് ഇതുവരെ 850 മീറ്രർ ദൂരം മാത്രമാണ് പുലിമുട്ട് സ്ഥാപിച്ചിട്ടുള്ളത്. പ്രകൃതി ദുരന്തങ്ങളും കൊവിഡ് വ്യാപനവുമാണ് തുറമുഖ നിർമ്മാണം നീളാൻ കാരണമെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. ഓഖി,​ ടൗക്തേ ചുഴിക്കാറ്റുകളെ തുടർന്ന് സ്ഥാപിച്ച പുലിമുട്ടുകളിൽ നല്ലൊരു ശതമാനം ഒഴുകിപ്പോയതും തിരിച്ചടിയായി.

ശക്തമായ തിരയടിയും നിർമ്മാണത്തിനെത്തിച്ച കൂറ്റൻ ടഗ്ഗുകൾ കടലിൽ മറിഞ്ഞതുമൊക്കെ നിർമ്മാണ പ്രവർത്തനം മന്ദഗതിയിലാക്കി. പുലിമുട്ട് നിർമ്മാണത്തിന് ആവശ്യമായ കല്ലുകൾ കിട്ടാതെ വന്നതും പ്രദേശവാസികളുടെ സമരങ്ങളും പ്രതിസന്ധി സൃഷ്ടിച്ചു. ഇവയൊക്കെ കാരണം 2023ൽ മാത്രമേ ആദ്യഘട്ടം പൂർത്തിയാക്കാനാവൂ എന്നാണ് കമ്പനിയുടെ വാദം.