ഉത്രവധക്കേസ് വിധി സ്വാഗതാർഹമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

0
76

ഉത്രവധക്കേസിൽ പ്രതിയെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ച കോടതി വിധി സ്വാഗതം ചെയ്യുന്നതായി വനിത കമ്മീഷൻ അധ്യക്ഷ അഡ്വ പി സതീദേവി. നാടിനെ ഞെട്ടിച്ച ഉത്രവധക്കേസിൽ എന്ത് ശിക്ഷയാവുമെന്നത് കേരളം ഉറ്റുനോക്കിയതാണ്. കിടപ്പുമുറിക്കുള്ളിൽ വിഷപാമ്പിനെ ഉപയൊഗിച്ച് പെൺകുട്ടിയെ കൊല്ലുകയാണ് ചെയ്തത്. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു ഹീനമായ കൃത്യം.

മൃഗീയ മനസുള്ള കുറ്റവാളിക്ക് മാത്രമേ ഇങ്ങനെയൊന്ന് ചെയ്യാനാവൂ. ശാസ്ത്രീയ തെളിവുകൾ സമാഹരിച്ച് വളരെ നല്ല രീതിയിലുള്ള അന്വേഷണമാണ് കേസിൽ നടന്നത്. പ്രോസിക്യുഷനും ഫലപ്രദമായി പ്രവർത്തിച്ചു.

സ്ത്രീകൾക്കെതിരായ അതിക്രമം നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷയാവുമെന്ന മുന്നറിയിപ്പാണിതെന്നും പി സതീദേവി പറഞ്ഞു. കുറ്റകൃത്യത്തിന് വധശിക്ഷ നൽകണോ വേണ്ടയോ എന്നത് കോടതിയുടെ വിവേചനാധികാരത്തിൽപെടുന്നതാണെന്നും സതീദേവി പറഞ്ഞു.