ചര്‍ച്ചകളുടെയും ക്രിയാത്മക നിര്‍ദ്ദേശങ്ങളുടെയും വേദിയായി ഓവര്‍സീസ് എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സ്

0
92

ഒ.എം.സി-2021 ഉദ്ഘാടന സെഷന്‍ സാര്‍ഥകമായ ചര്‍ച്ചകള്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍
കോവിഡാനന്തര ആഗോളതൊഴില്‍ വിപണിയുടെ സ്പന്ദനങ്ങള്‍ കേരളയുവതയ്ക്ക് പകര്‍ന്നു നല്‍കിയ ഓവര്‍സീസ് എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സ് -2021 സാര്‍ഥകമായ ചര്‍ച്ചകളുടെയും ക്രിയാത്മക നിര്‍ദ്ദേശങ്ങളുടെയും വേദിയായി.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ച ആര്‍ പി ഗ്രൂപ്പ് സ്ഥാപകനും എം ഡിയുമായ ഡോ. രവി പിള്ള പറഞ്ഞു. ഭാവിയിലെ അവസരങ്ങള്‍ക്ക് വേണ്ടി സജ്ജമാകുകയാണ് ഇപ്പോള്‍ നമ്മുടെ ദൗത്യം.

ലോകത്തിലെമ്പാടും ഉണ്ടായിരിക്കുന്ന മാറ്റം ഉള്‍ക്കൊണ്ട് ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ആസ്റ്റര്‍ ഡി എം ചെയര്‍മാനും എം ഡിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. മറ്റു രാജ്യങ്ങളിലെ ആവശ്യകത കണ്ടറിഞ്ഞ് അതിനായി നമ്മുടെ യുവാക്കളെ ഒരുക്കിയെടുക്കണം. ഭാഷ പരിശീലനവും ആവശ്യമാണ്. എല്ലാ രാജ്യങ്ങളിലും ഓവര്‍സീസ് എംപ്ലോയീസ് കോണ്‍ടാക്റ്റ് കേന്ദ്രങ്ങള്‍ ആരംഭിക്കണം. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഉത്തര കേരളത്തില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ആരംഭിക്കുമെന്നും അദ്ദേഹം അപറഞ്ഞു.

അവസരങ്ങള്‍ മനസിലാക്കി അതിനായി തയാറായാല്‍ മാത്രമേ വര്‍ത്തമാന കാലത്തെ തൊഴില്‍ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയൂ എന്ന് ഫിക്കി വൈസ് പ്രസിഡന്റ് സുഭ്രകാന്ത് പാണ്ഡ അഭിപ്രായപ്പെട്ടു. യുവാക്കള്‍ക്ക് നൂതന സാങ്കേതിക പഠന സാഹചര്യം ലഭ്യമാക്കണമെന്ന് ഖത്തര്‍ ജംബോ ഇലക്ട്രോണിക്‌സ് ഡയറക്ടറും ഗ്രൂപ്പ് സി ഇ ഒയുമായ സി.വി. റപ്പായി പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ പ്രാവീണ്യം നേടണം. എയര്‍ പോര്‍ട്ട് ഫെസിലിറ്റി കേന്ദ്രങ്ങള്‍ ആരംഭിക്കണം. പുതിയ പ്രവാസി തൊഴില്‍ സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആസിയാന്‍ രാജ്യങ്ങളില്‍ മികച്ച തൊഴില്‍ സാദ്ധ്യതകള്‍ നിലവിലുണ്ടെന്ന് ബ്രൂണെ സെരിക്കണ്ടി ഗ്രൂപ്പ് ഓഫ് കമ്പനീസ് സി ഇ ഓ രവി ഭാസ്‌കരന്‍ പറഞ്ഞു. വിയറ്റ്‌നാമിലെ ബിസിനസ്, തൊഴില്‍ സാധ്യതകളും കേരളം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വ്യക്തമായ ദിശാബോധം ഉണ്ടെങ്കില്‍ മാത്രമേ നിലവിലെ സാഹചര്യം മാറ്റാന്‍ കഴിയൂ എന്ന സംസ്ഥാന സര്‍ക്കാരിന്റെ വിദേശകാര്യ സഹകരണത്തിനായുള്ള ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി അഭിപ്രായപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും പ്രവാസി വ്യവസായ പ്രമുഖരും പ്രവാസി സംഘടനകളും തമ്മിലുള്ള സഹകരണം അനിവാര്യമാണ്. ഉയര്‍ന്ന നൈപുണ്യ ശേഷിയുള്ള പുതു തലമുറയെ വാര്‍ത്തെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.