സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വിവിധ ജില്ലകളിലായി ഒക്ടോബർ 15 വരെ ഓറഞ്ച് അലര്‍ട്ട്

0
59

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയില്‍ അര്‍ധരാത്രി മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞുവീണും മരം ഒടിഞ്ഞും ഗതാഗതം തടസപ്പെട്ടു. പത്താം വളവിന് സമീപം പുലര്‍ച്ചെയാണ് സംഭവം. ഏഴാംമൈലിലും മരംവീണ് റോഡ് ബ്ലോക്കായി. മരംമുറിച്ചുമാറ്റാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ് സംഘം. നെല്ലിയാമ്പതി റോഡിലും മരം വീണു. 13 ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 15 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദിവസങ്ങളായി വലിയ അളവില്‍ മഴതുടരുന്ന താഴ്ന്ന പ്രദേശങ്ങള്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം.

എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്ത് തുടങ്ങിയിരുന്നു. ഇപ്പോഴും മഴ തുടരുകയാണ്. പെരിയാറിലെ ജലനിരപ്പുയർന്ന് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. ക്ഷേത്രത്തിൻ്റെ പകുതിയോളം വെള്ളത്തിൽ മുങ്ങിയെന്നാണ് വിവരം. പെരിയാറിൽ ജലനിരപ്പുയരുന്നതിൻ്റെ പശ്ചാത്തലത്തിൽ നദീ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

കോഴിക്കോട് ജില്ലയിലും മഴ ശക്തമാണ്. ഒളവണ്ണ പ്രദേശത്ത് മഴ തുടരുന്നു. കോഴിക്കോട് വെസ്റ്റ്ഹില്ലിലും കടകളില്‍ വെള്ളം കയറി. മലപ്പുറം എടവണ്ണപ്പാറയിലും വാഴക്കാടും ജാഗ്രതാ നിര്‍ദേശമുണ്ട്. പരിയാം കപ്പത്തോട് കരകവിഞ്ഞതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി. കൊണ്ടോട്ടിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ആലപ്പുഴയിലെ തീരമേഖലകളും വെള്ളക്കെട്ട് ഭീഷണിയിലാണ്.

ഇടുക്കി ജില്ലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും കണക്കിലെടുത്ത് ജില്ലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെയാണ് യാത്രാനിരോധനം. അവശ്യ സര്‍വീസുകള്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും നിരോധനം ബാധകമല്ല.

മധ്യകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴിയുടെ സ്വാധീനത്തില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കി.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളിലും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കന്യാകുമാരി തീരങ്ങളിലും മാലിദ്വീപ് തീരങ്ങളിലും കനത്ത കാറ്റ് ഉണ്ടാകും എന്നാണ് കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുക. ഈ ദിവസങ്ങളില്‍ മത്സ്യബന്ധനം നടത്തരുതെന്ന് മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട്:

ഒക്ടോബര്‍ 12: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

ഒക്ടോബർ 13: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം

ഒക്ടോബർ 14: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം

ഒക്ടോബർ 15: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

യെല്ലോ അലര്‍ട്ട്:

ഒക്ടോബര്‍ 12: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ഒക്ടോബർ 13: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ഒക്ടോബർ 14: പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ഒക്ടോബർ 15: എറണാകുളം, ഇടുക്കി, കണ്ണൂര്‍.