കനത്ത മഴ; വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികൾ മരിച്ചു

0
74

സംസ്ഥാനത്ത് കനത്ത മഴയിൽ വൻ നാശനഷ്ടം. തിങ്കളാഴ്ച വൈകീട്ട് മുതൽ പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. മലപ്പുറം കരിപ്പൂർ മുണ്ടോട്ടുപാടത്ത് വീട് തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു. ചേന്നാരി മുഹമ്മദ്കുട്ടിയുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7 മാസം) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഉടൻതന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറം ജില്ലയിൽ രാത്രി മുഴുവൻ അതിശക്തമായ മഴ തുടരുകയായിരുന്നു. വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടർന്ന് വീട് തകർന്നുവെന്നാണ് വിവരം. കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ ഐക്കരപ്പടി, പുളിക്കൽ, കൊണ്ടോട്ടി എന്നിവിടങ്ങളിൽ വെള്ളം കയറി. ഗതാഗതം പല സ്ഥലത്തും മുടങ്ങി. പാലക്കാട്ടും കനത്ത മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് മരവും കല്ലുംവീണ് ഗതാഗതം തടസപ്പെട്ടു.

പത്താം വളവിലാണ് ചൊവ്വാഴ്ച പുലർച്ചെ മണ്ണിടിഞ്ഞത്. ഗതഗാത തടസം നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മണ്ണാർക്കാടുനിന്ന് ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചുനീക്കി. പറമ്പിക്കുളം, അപ്പർ ഷോളയാർ ഡാമുകളിൽ നിന്നും വെള്ളം തുറന്ന് വിട്ടതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് കുത്തനെ ഉയരുകയാണ്. രാവിലെ 6.30 ഓടെ ജലനിരപ്പ് വൻതോതിൽ ഉയർന്നിട്ടുണ്ട്.