ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം വീണു: ജേർണ്ണലിസ്റ്റ് പി.ടി.രാധാകൃഷ്ണകുറുപ്പ് മരിച്ചു

0
87

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് അടൂരിലെ ജന്മഭൂമി ലേഖകനും കേരള ജേർണ്ണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പി.ടി.രാധാകൃഷ്ണകുറുപ്പ് മരിച്ചു. മേലൂട് പതിനാലാം മൈൽ കല്ലൂർ പ്ലാന്തോട്ടത്തിൽ പി.ടി. രാധാകൃഷ്ണ കുറുപ്പ് (57) ആണ് മരിച്ചത്. അടൂർ പ്രസ്‌ക്‌ളബ് സെക്രട്ടറിയാണ്.

കേരള ജേർണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌ക്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന്ന് വീട്ടുവളപ്പിൽ .ഇന്നലെ രാത്രി എട്ടുമണിയോടെ ചേന്നമ്പള്ളി ജംങ്ഷന് പടിഞ്ഞാറ് വശത്ത് തടിമില്ലിന് സമീപം വച്ചാണ് അപകടമുണ്ടായത്. അടൂരിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു രാധാകൃഷ്ണകുറുപ്പ്‌വാക മരമാണ് കടപുഴകി ബൈക്കിന് മുകളിലേക്ക് വീണത്. ബൈക്കിൽ നിന്ന് തെറിച്ചു വീണ രാധാകൃഷ്ണന്റെ ഹെൽമറ്റും ഊരിമാറി.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിൽ അടൂർ ജനറൽ ആശുപത്രിയിലും അവിടെ നിന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രാജലക്ഷ്മി, മക്കൾ: പി.ആർ. ലക്ഷ്മി, പി.ആർ.വിഷ്ണു, പി.ആർ. പാർവതി.