വൈദ്യുതി പ്രതിസന്ധി; സംസ്ഥാനങ്ങൾക്കുള്ള വിഹിതം വീണ്ടും കുറയും

0
69

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ഉള്ള വൈദ്യുതി വിഹിതം വീണ്ടും കുറയും. ദീർഘകാല കരാർപ്രകാരം കമ്പനികളിൽ നിന്ന് ലഭിക്കേണ്ട വൈദ്യുതിയും കേന്ദ്രവിഹിതവുമാണ് വീണ്ടും കുറയുക.

പ്രതിസന്ധി രൂക്ഷമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകാനാണ് കേരളം അടക്കമുള്ള സംസ്ഥാന വിഹിതം നിയന്ത്രിക്കുന്നത്. 2200 മെഗാവാട്ട് വൈദ്യുതി ആണ് സംസ്ഥാനം പ്രതിദിനം പുറത്ത് നിന്ന് കണ്ടെത്തുന്നത്. ദീർഘകാല കരാർപ്രകാരം ബാൽകൊ, ജാബുവ കമ്പനികളിൽനിന്ന് ലഭിക്കേണ്ട 300 മെഗാവാട്ട് വൈദ്യുത പ്രതിസന്ധി കഴിയും വരെ കിട്ടില്ല. അറ്റകുറ്റപ്പണി കാരണം ഉത്പാദനം കുറഞ്ഞതാണ് കേന്ദ്രവിഹിതം കുറയാൻ കാരണമെന്ന് ഊർജ്ജമന്ത്രാലയം അറിയിച്ചു.

അതേസമയം, കൽക്കരി ലഭ്യതയെ തുടർന്ന് സംസ്ഥാനത്തുണ്ടായ പ്രതിസന്ധി അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. വൈദ്യുതി ലഭ്യത കുറവിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന് ഉണ്ടാകും.

ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ, ജാർഖണ്ഡ്, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾ കടുത്ത പ്രതിസന്ധിയിലായത്. ഡൽഹിയിൽ പലയിടത്തും അപ്രതീക്ഷിത ലോഡ്‌ഷെഡിംഗ് ഉണ്ടാകാമെന്ന് ടാറ്റാ പവർ ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡ് (ടിപിഡിഡിഎൽ) അറിയിച്ചു. രാജസ്ഥാനിൽ ദിവസം ഒരുമണിക്കൂർ ലോഡ്‌ഷെഡിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ആന്ധ്രയിൽ 45 ശതമാനം വൈദ്യുതിയും വിതരണം ചെയ്യുന്ന ആന്ധ്രപ്രദേശ് പവർ ജനറേഷൻ കോർപറേഷന്റെ പ്ലാന്റുകളിൽ ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് അവശേഷിക്കുന്നത്.