BREAKING മലയാളത്തിന്റെ അതുല്യനടൻ നെടുമുടി വേണു ഓർമയായി

0
66

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73) ഓർമയായി. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു. അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാകാൻ വേണുവിനു കഴിഞ്ഞു.

ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്. ആലപ്പുഴ നെടുമുടിയിൽ അധ്യാപക ദമ്പതികളായ പി കെ കേശവപിള്ളയുടെയും പി കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ്‌ 22നാണ്‌  ജനനം. കൊട്ടാരം എൻഎസ് യുപി സ്‌കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്‌കൂൾ, ആലപ്പുഴ എസ്‌ഡി കോളേജ്, എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കുട്ടിക്കാലത്തെ മൃദംഗത്തോടും ഘടത്തോടും ഇഷ്‌ടം കൂടി. അഭിനയവും ഒപ്പമുണ്ടായിരുന്നു. ആലപ്പുഴ എസ്ഡി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ സഹപാഠിയായ ഫാസിൽ എഴുതിയ നാടകങ്ങളിലൂടെ നാടകരംഗത്ത് സജീവമായി.

അരവിന്ദന്റെ തമ്പിലൂടെ സിനിമയിലേക്ക്‌. തുടർന്നിങ്ങോട്ട്‌ മലയാളികളുടെ ഹൃദയം കീഴടക്കിയ നിരവധി കഥാപാത്രങ്ങൾ. ഇന്ത്യൻ, അന്യൻ ഉൾപ്പെടെ തമിഴ്‌ചിത്രങ്ങളിലും വേഷമിട്ടു. പൂരം”  സിനിമ സംവിധാനം ചെയ്‌തു. കാറ്റത്തെ കിളിക്കൂട്, തീർത്ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കടംകഥപോലെ തുടങ്ങിയ ചിത്രങ്ങൾക്ക് കഥയെഴുതി.

ഭാര്യ: ടി.ആർ. സുശീല. മക്കൾ: ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ