ടൂർ പാക്കേജുമായി കെ.എസ്.ആർ.ടി.സി : മലപ്പുറം ഡിപ്പോയിൽനിന്നു മൂന്നാറിലേക്ക്

0
83

കെ.എസ്.ആർ.ടി.സി. ചരിത്രത്തിലാദ്യമായി ടൂർ പാക്കേജ് ആരംഭിക്കുന്നു. ആദ്യഘട്ടമായി മലപ്പുറം ഡിപ്പോയിൽനിന്നു മൂന്നാറിലേക്കാണ് വിനോദസഞ്ചാരികൾക്കു വേണ്ടിയുള്ള പാക്കേജ് ടൂർ.

എല്ലാ ശനിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് ഒരുമണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്നാരംഭിച്ച് രാത്രി 7.30-ന് മൂന്നാറിലെത്തും. രാത്രി ഡിപ്പോയിലെ സ്ലീപ്പർ കോച്ചിൽ ഉറക്കം. ഞായറാഴ്ച കെ.എസ്.ആർ.ടി.സി. സൈറ്റ് സീയിങ് ബസിൽ കറങ്ങി മൂന്നാറിലെ കാഴ്ചകൾ കണ്ടശേഷം വൈകീട്ട് ആറിന് മലപ്പുറത്തേക്ക് മടങ്ങും.

പാക്കേജ് നിരക്ക് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി. എം.ഡി.യുടെ ഉത്തരവ് ലഭിച്ചാലുടൻ സർവീസ് ആരംഭിക്കുമെന്ന് ഡിപ്പോ ഇൻചാർജ് സേവി ജോർജ് പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റിതര വരുമാനവർധനയും കുറഞ്ഞ ചെലവിൽ ഇടത്തരക്കാരായ വിനോദസഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കുക എന്നതുമാണ് ടൂർ പാക്കേജിന്റെ ലക്ഷ്യം.

മൂന്നാർ സന്ദർശിക്കാൻ കൂടുതൽപ്പേർ എത്തുന്നത് മലപ്പുറത്തുനിന്നായതുകൊണ്ടാണ് ടൂർ പാക്കേജ് ആദ്യം അവിടെനിന്ന് തുടങ്ങുന്നത്. പദ്ധതി വിജയമായാൽ മറ്റ് പ്രധാന ജില്ലകളിൽനിന്നു പാക്കേജ് സർവീസ് തുടങ്ങും.

ഇപ്പോൾ മൂന്നാറിൽ 100 രൂപയ്ക്ക് കെ.എസ്.ആർ.ടി.സി. ബസിൽ താമസം, ടോപ് സ്റ്റേഷൻ, കാന്തല്ലൂർ എന്നിവിടങ്ങളിലെ സൈറ്റ്‌സീയിങ് തുടങ്ങിയവയുണ്ട്. സഞ്ചാരികളുടെ തിരക്ക് വർധിച്ചാലുടൻ മാങ്കുളം ആനക്കുളത്തേക്കും പുതിയ സൈറ്റ് സീയിങ് സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആർ.ടി.സി.