സാംസ്‌കാരിക ലോകത്തിന് അപരിഹാര്യമായ നഷ്ടം, നെടുമുടി വേണുവിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

0
104

മലയാളത്തിന്റെ മഹാനടൻ നെടുമുടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി. അഭിനയത്തിൽ മാത്രമല്ല സാഹിത്യാദി കാര്യങ്ങളിലും തത്പരനായിരുന്ന ബഹുമുഖ പ്രതിഭയെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ നെടുമുടി വേണു അന്തരിച്ചത്. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍ വലിയ താത്പര്യമെടുക്കുകയും നാടന്‍പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്ത വ്യക്തിയാണ് നെടുമുടി വേണുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.