“ഡല്‍ഹി കലാപക്കേസ്” പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയ വിചാരണ ജഡ്ജിക്ക് സ്ഥലം മാറ്റം

0
56

കലാപ കേസുകളുടെ അന്വേഷണത്തില്‍ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയ വിചാരണ ജഡ്ജിക്ക് സ്ഥലം മാറ്റം. ഡല്‍ഹി കലാപക്കേസ് അന്വേഷിക്കുന്നതില്‍ പൊലീസ് കാണിച്ച അനാസ്ഥയെ വിമര്‍ശിച്ച ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിനോദ് യാദവിനാണ് സ്ഥലംമാറ്റം.

കലാപ കേസുകള്‍ പരിഗണിച്ചിരുന്ന കര്‍ക്കര്‍ഡൂമ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് ന്യൂദല്‍ഹി ജില്ലാ റോസ് അവന്യൂ കോടതി പ്രത്യേക ജഡ്ജിയായാണ് നിയമനം. പൊലീസ് അന്വേഷണത്തെ വിമര്‍ശിച്ചതിന് തൊട്ടടുത്ത ദിവസമാണ് സ്ഥലംമാറ്റം.

2020 ലെ ഡല്‍ഹി കലാപക്കേസില്‍ പൊലീസുകാര്‍ കള്ളസാക്ഷ്യം പറയുകയാണെന്ന് വിനോദ് യാദവ് പറഞ്ഞിരുന്നു. പൊലീസുകാരനായ ഒരു സാക്ഷി പ്രതികളില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞപ്പോള്‍ മറ്റൊരു പൊലീസുകാരന് അവരെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും വിനോദ് യാദവ് പറഞ്ഞിരുന്നു. മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.