ശീതളപാനീയമാണെന്ന് തെറ്റിദ്ധരിച്ച് മദ്യം കഴിച്ച നാലുവയസ്സുള്ള കുട്ടിയ്ക്ക് ദാരുണാന്ത്യം

0
44

ശീതളപാനീയമാണെന്ന് തെറ്റിദ്ധരിച്ച് മദ്യം കഴിച്ച കുട്ടി മരിച്ചു. മുത്തച്ഛൻ വാങ്ങിവച്ച മദ്യമാണ് നാലുവയസുകാരൻ കഴിച്ചത്. പേരക്കുട്ടി ഗുരുതരാവസ്ഥയിലായതോടെ മുത്തച്ഛൻ ഹൃദയാഘാതം മൂലം മരിച്ചു. തിരുവലം അണ്ണാനഗർ സ്വദേശി ചിന്നസാമി (62), മകളുടെ മകൻ രുദ്രേഷ് (4) എന്നിവരാണ് മരിച്ചത്.

വെല്ലൂർ ജില്ലയിലെ കാട്പാടിക്കടുത്താണ് സംഭവം. ചിന്നസാമി വൈകിട്ട് മദ്യപിച്ചശേഷം അടുത്ത മുറിയിലിരുന്ന് ടിവി കാണുകയായിരുന്നു. ഈസമയത്താണ് ശീതളപാനീയമാണെന്ന് തെറ്റിദ്ധരിച്ച് കുട്ടി മുത്തച്ഛൻ കാണാതെ മദ്യം കുടിച്ചത്.

സംഭവം നടക്കുമ്പോൾ വീട്ടിൽ ചിന്നസാമിയും പേരക്കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളു. മദ്യം കഴിച്ചതോടെ ശ്വാസംമുട്ടിയ രുദ്രേഷ് കുഴഞ്ഞുവീണു. ശബ്ദം കേട്ട് ഓടിയെത്തിയ മുത്തച്ഛൻ അയൽക്കാരെയും മകളെയും വിവരമറിയിക്കുകയായിരുന്നു.

മദ്യം കഴിച്ചതാണ് കാരണമെന്നറിഞ്ഞതോടെ നാട്ടുകാർ ചിന്നസാമിയെ കുറ്റപ്പെടുത്താൻ തുടങ്ങി. ഇതോടെ ഹൃദ്രോഗിയായ ചിന്നസാമി കുഴഞ്ഞുവീഴുകയായിരുന്നു. ഇരുവരെയും ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.