രാഹുൽ ഗാന്ധിയും ലഖിംപൂരിലേക്ക്; അനുമതി നിഷേധിച്ച് യോഗി സർക്കാർ

0
94

കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം നടന്ന ലഖിംപൂരിലേക്ക് രാഹുൽ ഗാന്ധിയും. അതേസമയം രാഹുൽ ഗാന്ധിക്കും സംഘത്തിനും ഉത്തർപ്രദേശ് സർക്കാർ സന്ദർശനാനുമതി നിഷേധിച്ചു. ലഖിംപൂർ സന്ദർശിക്കാൻ പോയ പ്രിയങ്ക ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ യുപി പോലീസ് തടങ്കലിലാക്കിയിരിക്കുകയാണ്.

രാഹുൽ അടക്കം അഞ്ചംഗ സംഘമാണ് ലഖിംപൂരിലേക്ക് പോകുന്നത്. എന്നാൽ ആൾക്കൂട്ടത്തിന് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി യോഗി സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. എങ്കിലും അനുമതി നിഷേധിച്ചെങ്കിലും ലഖിംപൂർ സന്ദർശിക്കാൻ തന്നെയാണ് രാഹുലിന്റെ തീരുമാനം.

ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് ഛന്നി, കെ സി വേണുഗോപാൽ, സച്ചിൻ പൈലറ്റ് തുടങ്ങിയവർ രാഹുലിനൊപ്പമുണ്ടാകും. അതേസമയം പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് കസ്റ്റഡിയിലെടുത്തിട്ട് 36 മണിക്കൂർ പിന്നിടുകയാണ്. കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ കേന്ദ്രമന്ത്രിയുടെ പുത്രനെ കസ്റ്റഡിയിലെടുക്കാതെ പ്രിയങ്കയെ അറസ്റ്റ് ചെയ്ത നടപടിയെ കോൺഗ്രസ് രൂക്ഷമായി വിമർശിക്കുന്നു.