ഫേസ്ബുക്കും, ഇൻസ്റ്റഗ്രാമും കൗമാരക്കാർക്കിടയിൽ നടത്തുന്നത് സമാനതകളില്ലാത്ത വിഭജനം, വെളിപ്പെടുത്തലുമായി ഹേഗൻ

0
98

ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നിങ്ങനെയുള്ള നവമാധ്യമങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ, ഇന്റർനെറ്റിലും, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ മാധ്യമങ്ങളിലും നടക്കുന്ന അനീതിയുടെയും, വിഭജനത്തിന്റെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഫേസ്ബുക്കിന്റെ സിവിക് ഇന്റെഗ്രേറ്റി പ്രശ്നപരിഹാരത്തിന്റെയും, പ്രോഡക്റ്റ് മാനേജ്മെന്റിന്റെയും മേധാവിയായി പ്രവർത്തിച്ചിരുന്ന ഫ്രാൻസിസ് ഹേഗൻ അമേരിക്കൻ കോൺഗ്രസ്സ് സെനറ്റിന്റെ മുന്നാകെ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഫേസ്ബുക്കും, ഇൻസ്റ്റഗ്രാമും പല നിയമങ്ങളും ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്നും, കമ്പനി അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ നിയമലംഘനം നടത്തുന്നതെന്നും ഹേഗൻ വ്യക്തമാക്കുന്നു. ഫെയ്സ്ബുക്കിന്റെ ഉത്പന്നങ്ങൾ കുട്ടികൾക്ക് ദോഷം ചെയ്യുമെന്നും വിഭജനം നടത്തുന്നുവെന്നും നമ്മുടെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും ഞാൻ വിശ്വസിക്കുന്നതിനാലാണ് ഞാൻ ഇന്ന് ഇവിടെ വന്നത്, “ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ സുരക്ഷിതമാക്കാൻ കമ്പനിയുടെ നേതൃത്വത്തിന് അറിയാമെങ്കിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നില്ല.

അവർ തങ്ങളുടെ ലാഭം ജനങ്ങളുടെ മുന്നിൽ വെച്ചിരിക്കുകയാണ്, വിഷയത്തിൽ കോൺഗ്രസിന്റെ നടപടി ആവശ്യമാണ്. നിങ്ങളുടെ ഇടപെടൽ ഇല്ലാതെ അവർ ഈ പ്രതിസന്ധി പരിഹരിക്കില്ല. ” സെനറ്റിന്റെ കോമേഴ്‌സ് സബ്കമ്മിറ്റിക്ക് മുൻപാകെ ഹേഗൻ പറഞ്ഞു. യുവാക്കൾക്കിടയിൽ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം വരുത്തുന്ന ആഘാതങ്ങളെക്കുറിച്ചുള്ള സബ്കമ്മറ്റിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഹേഗൻ.

ആയിരത്തോളം പേജുകളുള്ള പഠന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി ഫേസ്ബുക് രംഗത്ത് വന്നു. കമ്പനിയിൽ ചെറിയ കാലം ജോലി ചെയ്യുകയും, ഉന്നതതല യോഗാംഗങ്ങളിൽ പങ്കെടുക്കുകയും ചെയ്യാത്ത ഹേഗൻറെ വെളിപ്പെടുത്തൽ വിലയ്‌ക്കെടുക്കേണ്ടതില്ലെന്നും, ഇന്റർനെറ്റ് നിയമനങ്ങൾ ഒന്നും ശക്തമല്ലെന്നും, നില നിൽക്കുന്ന നിയമങ്ങൾക്ക് അനുസൃതമായാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും ഫേസ്ബുക് അധികൃതർ വ്യക്തമാക്കി.

എന്നാൽ ഫേസ്ബുക്കിന്റെ നിയമലംഘനങ്ങളുടെയും ജനാധിപത്യ വിരുദ്ധതയുടെയും വിവിധ പ്രശനങ്ങൾ ഇതിനോടകം പുറത്ത് വന്നുകഴിഞ്ഞു. പല രാജ്യങ്ങളും ഈ വിഷയങ്ങൾ ഉന്നയിച്ച് ഫേസ്ബുക്കിനും, ഇൻസ്റ്റാഗ്രാമിനും പലതരം താക്കീതുകൾ നൽകിയെങ്കിലും അറിഞ്ഞുകൊണ്ടുള്ള ഈ ചൂഷണങ്ങൾക്കും നിയമലംഘനങ്ങൾക്കും, സ്വകാര്യതയിലേക്കുള്ള പരിധിവിട്ടുള്ള നുഴഞ്ഞുകയറ്റത്തിനും യാതൊരു മാറ്റവും വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹേഗൻറെയും വെളിപ്പെടുത്തൽ പ്രാധാന്യമർഹിക്കുന്നത്.