രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലും പൊട്ടിത്തെറി : കെപിസിസി നിർവ്വാഹക സമിതിയംഗവും വയനാട്‌ ഡിസിസി പ്രസിഡന്റുമായിരുന്ന പി വി ബാലചന്ദ്രൻ കോൺഗ്രസിൽ നിന്നും രാജിവച്ചു

0
92

കെപിസിസി നിർവ്വാഹക സമിതിയംഗവും വയനാട്‌ ഡിസിസി പ്രസിഡന്റുമായിരുന്ന പി വി ബാലചന്ദ്രൻ കോൺഗ്രസ്‌ വിട്ടു. കോൺഗ്രസിനുള്ളിലെ ഭിന്നതകളെ തുടർന്നാണ്‌ രാജി. കോൺഗ്രസിന്‌ ദിശാബോധം നഷ്ടപ്പെട്ടുവെന്നും പാർട്ടിക്കൊപ്പം ജനങ്ങൾ നിൽക്കില്ലെന്നും ബാലചന്ദ്രൻ പറഞ്ഞു. അർബൻ ബാങ്ക്‌ അഴിമതിയിൽ ഡി സി സി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്‌ ഐ സി ബാലകൃഷ്ണൻ എംഎൽഎ വെള്ളപൂശാണെന്നും അദ്ദേഹം ആരോപിച്ചു.

നിയമനങ്ങളിൽ ഐ സി ബാലകൃഷ്ണൻ പണം വാങ്ങി.അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ്‌ സംസ്ഥാന നേതൃത്വത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎയും മുൻ ഡിസിസി അധ്യക്ഷനുമായ ഐ സി ബാലകൃഷ്ണനെതിരെ പി വി ബാലചന്ദ്രൻ നേരത്തെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.

ബത്തേരി അർബൻ ബാങ്ക്‌ ഐ സി ബാലകൃഷ്‌ണൻ ഉദ്യോഗാർഥികളിൽനിന്ന്‌ ലക്ഷങ്ങൾ കോഴ വാങ്ങിയതിന്‌ താൻ ദൃക്‌സാക്ഷിയാണെന്ന്‌ ബാലചന്ദ്രൻ പറഞ്ഞിരുന്നു. അഴിമതിയെക്കുറിച്ച്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനോടും രമേശ്‌ ചെന്നിത്തലയോടും പരാതി പറഞ്ഞിരുന്നു. എന്നാൽ നടപടിയുണ്ടായിരുന്നില്ല.

കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ കാര്യം ഏറെ പരിതാപകരമാണ്. ഒരു വിഷയത്തിലും കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ നേതൃത്വത്തിന് സാധിക്കുന്നില്ല. അണികൾക്ക് ആത്മവിശ്വാസമോ പ്രതീക്ഷയോ നൽകാൻ നേതൃത്വത്തിന് ആയിട്ടില്ല. പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ കോൺഗ്രസിനാകില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതെന്നും പി.വി.ബാലചന്ദ്രൻ പറഞ്ഞു.