”മകളെ ഭർത്താവ് ക്രൂരമായി പീഡിപ്പിക്കുന്നു, പത്ത് പവൻ നൽകാതെ മകളെ വേണ്ടെന്ന് പറയുന്നു : വീഡിയോ ചിത്രീകരിച്ചശേഷം പിതാവ് ആത്മഹത്യ ചെയ്തു

0
91

സ്ത്രീധനത്തിന്റെ പേരിൽ മകളെ ഭർത്താവും വീട്ടുകാരും പീഡിപ്പിച്ചതിലുള്ള മനോവിഷമത്തിൽ പിതാവ് ആത്മഹത്യ ചെയ്തു. കഴിഞ്ഞ മാസം 23ന് റബർ തോട്ടത്തിൽ തൂങ്ങിമരിച്ച മൂസക്കുട്ടിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമായത്. മകളെ ഉപദ്രവിക്കുന്നതിലുള്ള ദുഃഖം വിഡിയോയായി ചിത്രീകരിച്ച ശേഷമായിരുന്നു ഇദ്ദേഹം ആത്മഹത്യ ചെയ്തത്.

”മകളെ ഭർത്താവ് അബ്ദുൾ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എന്റെ വേദന കേരളം ഏറ്റെടുക്കണം. പത്ത് പവൻ നൽകാതെ മകളെ വേണ്ടെന്ന് ഭർത്താവ് പറയുന്നു” എന്നാണ് മൂസക്കുട്ടി വീഡിയോയിൽ പറയുന്നത്. വീഡിയോ ചിത്രീകരിച്ചശേഷം വീടിനു സമീപത്തെ റബർ തോട്ടത്തിൽ മൂസക്കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. 2020 ജനുവരി 12നാണ് മൂസക്കുട്ടിയുടെ മകൾ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്ദുൾ ഹമീദും വിവാഹിതരായത്. അന്നുമുതൽ സ്ത്രീധനം കുറഞ്ഞെന്നു പറഞ്ഞുള്ള പീഡനം താൻ നേരിടേണ്ടി വന്നിരുന്നുവെന്ന് ഹിബ പറഞ്ഞു.

വിവാഹ സമയത്തുള്ള 18 പവൻ സ്വർണാഭരണങ്ങൾ പോരെന്ന് പറഞ്ഞപ്പോൾ ആറ് പവൻ വീണ്ടും മൂസക്കുട്ടി നൽകി. അതും പോരെന്നും പത്ത് പവൻ സ്വർണാഭരണങ്ങൾ കൂടി കൊടുത്താലേ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുപോകുകയുള്ളൂവെന്ന് പറഞ്ഞ് അബ്ദുൾ ഹമീദ് ഹിബയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഹിബയുടെ പരാതിയിൽ നിലമ്പൂർ പൊലീസ് അബ്ദുൾ ഹമീദിനും മാതാപിതാക്കൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്.