ലഖിംപൂരിലെ അക്രമം; കേന്ദ്രമന്ത്രിയുടെ മകനെതിരെ കൊലക്കുറ്റത്തിന്‌ കേസ്‌

0
62

ലഖിംപൂരിൽ കർഷകരെ കാർ കയറ്റി കൊന്ന സംഭവത്തിൽ കേന്ദ്രമന്ത്രി അജയ്‌കുമാർ മിശ്രയുടെ മകനെതിരെ കേസെടുത്തു. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ആശിഷ് മിശ്രയ്ക്കെതിരെ കേസെടുത്തത്. ആശിഷിന് പുറമേ മറ്റ് പതിനാല് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സംഘർഷത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകനും തിങ്കളാഴ്‌ച രാവിലെ മരിച്ചു. രാം കശ്യപ് എന്ന് പ്രാദേശിക മാധ്യമപ്രവർത്തകനാണ് മരിച്ചത്. ഞായറാഴ്‌ച ലഖിംപുർ ഖേരി ജില്ലയിലെ തിക്കുണിയയിലാണ്‌  കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ്‌ മിശ്രയും​ ഗുണ്ടകളും വാഹനങ്ങള്‍ ഇടിച്ചുകയറ്റിയത്.

കാറിടിച്ച്‌ മൂന്നു കർഷകരും വെടിയേറ്റ്‌ ഒരാളും കൊല്ലപ്പെട്ടു. ലവ്‌പ്രീത്‌ സിങ് (20), നചട്ടർ സിങ് (60), ദൽജീത്‌ സിങ് (35) എന്നിവരാണ്‌ കാറിടിച്ച്‌ കൊല്ലപ്പെട്ടത്‌. തലയ്‌ക്ക്‌ വെടിയേറ്റാണ്‌ പത്തൊമ്പതുകാരനായ ഗുരുവിന്ദർ സിങ് കൊല്ലപ്പെട്ടതെന്ന്‌ സംയുക്ത കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു.