ഉത്തർപ്രദേശിലെ കർഷകവേട്ടക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം. യുപി ഭവന് മുന്നിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ കിസാൻസഭ അഖിലേന്ത്യാ ട്രഷറർ പി കൃഷ്ണപ്രസാദിനെ പൊലീസ് മർദ്ദിച്ചു. വലിച്ചിഴച്ചുകൊണ്ടുപോയി വാനിലേക്ക് കയറ്റുന്നതിനിടെ പൊലീസ് കൃഷ്ണപ്രസാദിന്റെ വയറിൽ ഇടിച്ചു. യുപി ഭവന് മുന്നിൽ സമരം ചെയ്ത കിസാൻസഭ, ഡിവൈഎഫ്‌ഐ പ്രവർത്തകരെയും അറസ്റ്റ് ചെയ്‌തുനീക്കി.
പൊലീസ് ഒരുക്കിയ ബാരിക്കേഡിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു സമരക്കാർ. ഇതിനിടെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്. യുപി സർക്കാരിനെതിരെ ഡൽഹിയിൽ പോലും പ്രതിഷേധം അനുവദിക്കില്ലെന്ന നിലപാടാണ് പൊലീസ് കൈക്കൊണ്ടത്.
ലഖിംപൂർ ഖേരിയിൽ കർഷകരെ കേന്ദ്രമന്ത്രിയുടെ മകൻ വാഹനമിടിപ്പിച്ചും വെടിവെച്ചും കൊലപ്പെടുത്തിയതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുകയാണ്. കൊല്ലപ്പെട്ട കർഷകരുടെ മൃതദേഹങ്ങളുമായി പ്രതിഷേധക്കാർ ലഖിംപൂരിൽ റോഡ് ഉപരോധിച്ചു.