പണി വരുന്നുണ്ട് : ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവർമാരും യാത്രികരുമൊക്കെ ഇനിമുതൽ അൽപ്പമൊന്ന് കരുതിയിരിക്കുന്നത് നല്ലതായിരിക്കും

0
77

സംസ്ഥാനത്ത് അറിഞ്ഞും അറിയാതെയുമൊക്കെ ഗതാഗത നിയമലംഘനം (Traffic Violation) നടത്തുന്ന ഡ്രൈവർമാരും യാത്രികരുമൊക്കെ ഇനിമുതൽ അൽപ്പമൊന്ന് കരുതിയിരിക്കുന്നത് നല്ലതായിരിക്കും.

കാരണം എല്ലാം കാണാൻ മുകളിൽ ഒരാളല്ല, നിരവധി പേരുണ്ട്. ഇനിയും ഒരുപാടുപേർ വരുന്നുമുണ്ട്! സംസ്ഥാനത്തെ റോഡുകളുടെ മുക്കിലും മൂലയിലുമൊക്കെ വരാനിരിക്കുന്ന അത്യാധുനിക ക്യാമറക്കണ്ണുകളെക്കുറിച്ചാണ് (! Aartificial Intelligence Camera) പറഞ്ഞുവരുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൻറെ (Keltron) അണിയറയിൽ ഒരുങ്ങുന്നത് ഒന്നുംരണ്ടുമല്ല 235കോടി രൂപയുടെ ആത്യാധുനിക ട്രാഫിക്ക്‌ ക്യാമറകളാണ്. ഇതിൽ 100 ക്യാമറകൾ കഴിഞ്ഞദിവസം സർക്കാരിന് കൈമാറിക്കഴിഞ്ഞു. ഇനിമുതൽ പൊലീസിനെയും എംവിഡിയെയും വെട്ടിച്ചാലും മുകളിലുള്ള ഈ സംവിധാനത്തെ കബളിപ്പിക്കാൻ അൽപം ബുദ്ധിമുട്ടും. കാരണം എന്തെന്നല്ലേ? ഇതാ അറിയേണ്ടതെല്ലാം

നിർമ്മിത ബുദ്ധി

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനത്തിലാണ് ഈ ക്യാമറകളുടെ പ്രവർത്തനം. ട്രാഫിക് നിയമലംഘനം നടത്തുന്നവരെ നിർമ്മിത ബുദ്ധിയിലൂടെയാണ് കണ്ടെത്തുന്നത്. വ്യക്തമായ ചിത്രങ്ങളോടെയായിരിക്കും നിയമ ലംഘനം നടത്തുന്ന വാഹന ഉടമകൾക്ക് നോട്ടീസ് ലഭിക്കുക. നിയമലംഘനങ്ങൾ കണ്ടെത്തിയാലുടൻ ചിത്രസഹിതം സന്ദേശം കൺട്രോൾ റൂമുകളിൽ എത്തും. വൈകാതെ തന്നെ വാഹന ഉടമകൾക്ക് നിയമ ലംഘന നോട്ടീസുകൾ നൽകുകയും ചെയ്യും.

നിയമലംഘനങ്ങൾ വേർതിരിച്ചറിയും

വിവിധ തരം ട്രാഫിക് നിയമലംഘനങ്ങൾ ഈ ക്യാമറകൾക്ക് വേർതിരിച്ചു കണ്ടെത്താനും സാധിക്കും. അതായത് ഹെൽമറ്റ് ധരിക്കാത്തവരുടെ മാത്രം വിവരങ്ങളാണു ശേഖരിക്കുന്നതെങ്കിൽ‌ നിർമിത ബുദ്ധിയുടെ സഹായത്തോടെ അവ മാത്രം കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സാധിക്കും. സീറ്റ് ബെൽറ്റ് ധരിക്കാത്തവരാണെങ്കിൽ അതും വേർതിരിച്ചറിയാം.

ആ പരിപ്പിനി വേകില്ല

ഹെൽമറ്റിനു പകരം സമാനരീതിയിലുള്ള തൊപ്പിയും തലക്കെട്ടുമൊക്കെ ധരിച്ചാലും പുത്തൻ ക്യാമറ കണ്ടുപിടിച്ചിരിക്കും. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, അമിതവേഗം, അപകടകരമായ ഡ്രൈവിംഗ്, കൃത്യമായ നമ്ബർപ്ലേറ്റ്, മൊബൈൽ ഫോൺ ഉപയോഗിച്ചു വാഹനമോടിക്കുക, ഇരുചക്രവാഹനത്തിൽ മൂന്നുപേരെ വച്ച്‌ ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങളാകും ആദ്യഘട്ടത്തിൽ കണ്ടെത്തുക. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താനും ഈ നിർമിതബുദ്ധി ക്യാമറകൾക്കു സാധിക്കും.

എല്ലാം ഒപ്പിച്ച്‌ മുങ്ങാനാകില്ല

അതീവ സുരക്ഷാ നമ്ബർ പ്ലേറ്റുകൾ വ്യാപകമായതോടെ ഇത്തരം ക്യാമറകൾക്കു വാഹനങ്ങളെയും ഉടമകളെയും തിരിച്ചറിയാനും എളുപ്പമാണ്. അതുകൊണ്ടുതന്നെ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും ഇത്തരം ക്യാമറകൾ സഹായകരമാകും.

സോളാർ പവർ

സൗരോർജ്ജത്തിലാണ് ഈ ക്യാമറകൾ പ്രവർത്തിക്കുക. ക്യാമറയുള്ള പോസ്റ്റിൽ തന്നെ സോളാർ പാനലുമുണ്ടാകും. ട്രാഫിക് സിഗ്നലുകൾ, എൽഇഡി സൈൻ ബോർഡുകൾ, ടൈമറുകൾ എന്നിവ ഉൾപ്പെടുന്നതാണ്‌ നിരീക്ഷണ ക്യാമറകൾ. വയർലെസ് ക്യാമറകളായതിനാൽ ഇടയ്ക്കിടെ എടുത്തുമാറ്റാനും സാധിക്കും.

നിർമ്മാണം പുരോഗമിക്കുന്നു

ഗതാഗത നിയമലംഘനം തടയൽ പദ്ധതികളിൽ അതിനൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ ഭാഗമായി സേഫ് കേരളാ പദ്ധതിക്കുവേണ്ടി 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എൻഫോഴ്സ്മെന്റ് സംവിധാനങ്ങളാണ്‌ കെൽട്രോൺ സജ്ജമാക്കുന്നത്‌. ഇതിൽ 700 ക്യാമറകളുടെ നിർമ്മാണം ഇപ്പോൾ കെൽട്രോണിൽ നടന്നുകൊണ്ടിരിക്കുന്നു.

വാറൻറി

നിർമ്മിതബുദ്ധിയിൽ പ്രവർത്തിക്കുന്ന 100 കാമറകളും സിഗ്നൽ ലംഘനം കണ്ടുപിടിക്കുന്ന 18 ക്യാമറകളും വേഗപരിധി ലംഘനം കണ്ടു പിടിക്കുന്ന നാലു ക്യാമറകളും ആണ് കഴിഞ്ഞ ദിവസം സർക്കാരിന് ആദ്യഘട്ടമായി കൈമാറിയത്. ഈ ക്യാമറകൾ അഞ്ച് വർഷത്തെ ഗ്യാരന്റിയിലാണ് നൽകുന്നത്. നിർമിതബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്യാമറകളും അതിന്റെ ഫീൽഡ് യൂണിറ്റുകളുടെ അസംബ്ലിങ്ങും ഗുണപരിശോധനയും ഉറപ്പാക്കിയാണ് നൂറെണ്ണം മോട്ടോർ വാഹനവകുപ്പിനു കൈമാറിയത്.

ഫണ്ട്

കേരളത്തിലെ റോഡപകടങ്ങൾ കുറക്കുന്നതിന് വേണ്ടിയാണ് സർക്കാർ കെൽട്രോണിനോട് കാമറകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടത്. സേഫ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ ഫണ്ട്‌ കണ്ടെത്തിയത്. 700 എ വൺ ക്യാമറ, സ്പീഡ് വയലേഷൻ ഡിറ്റക്‌ഷൻ ക്യാമറകൾ, റെഡ്‌ ലൈറ്റ്‌ വയലേഷൻ ഡിറ്റക്‌ഷൻ ക്യാമറകൾ, മൊബൈൽ സ്പീഡ് എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ എന്നിവ ബിഒടി പദ്ധതി അടിസ്ഥാനത്തിലാണ് കെൽട്രോൺ നടപ്പാക്കുന്നത്.

ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് ഭവനിലെ കെട്ടിടത്തിൽ സ്റ്റേറ്റ് കൺട്രോൾ റൂമും എറണാകുളം, കോഴിക്കോട് ഒഴികെയുള്ള 12 ജില്ലകളിൽ ജില്ലാ കൺട്രോൾ റൂമുകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കുറ്റമറ്റ പ്രവർത്തനം ഉറപ്പാക്കുന്നതിനായി എല്ലാ സാങ്കേതിക സംവിധാനങ്ങളുമൊരുക്കി അഞ്ചു വർഷത്തെ പ്രവർത്തനച്ചുമതല പൂർണമായും കെൽട്രോണിനാണ്. ആസംബ്ലിങ്ങും ടെസ്റ്റിങ്ങും കെൽട്രോൺ മൺവിള യൂണിറ്റ്‌ നടത്തും.