വിതുരയിൽ കൊവിഡ് വ്യാപനം കുറയുന്നു: പൊൻമുടി അടുത്ത ആഴ്ച തുറക്കും

0
75

രണ്ടാഴ്ച മുൻപ് വരെ വിതുര പഞ്ചായത്തിനെ കൊവിഡ് വരിഞ്ഞുമുറുക്കിയിരുന്നു. എന്നാൽ വിതുര പഞ്ചായത്തിന്റെയും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ നടത്തിയ ശക്തമായ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കൊവിഡിനെ പിടിച്ചുകെട്ടാൻ കഴിഞ്ഞു. പഞ്ചായത്തിൽ രോഗവ്യാപനം കുറഞ്ഞതോടെ ടൂറിസ കേന്ദ്രമായ പൊൻമുടി സഞ്ചാരികൾക്കായി വീണ്ടും തുറന്നുനൽകാനാണ് തീരുമാനം.

രണ്ടാഴ്ച മുൻപ് വരെ പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായിരുന്നു. മൂന്നൂറോളം പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. അന്ന് എട്ട് വാർഡുകൾ വരെ കണ്ടെയ്ൻമെന്റ് സോൺ ആയി കലക്ടർ പ്രഖ്യാപിച്ചിരുന്നു. രോഗം ആദിവാസിമേഖലകളിലേക്കും, തോട്ടംമേഖലകളിലേക്കും വരെ പടർന്നു. പൊലീസുകാർക്കും ആരോഗ്യവകുപ്പ് ജീവനക്കാർക്കും വരെ കൊവിഡ് പിടികൂടിയതോടെ പ്രതിരോധപ്രവർത്തനങ്ങൾ താളം തെറ്റി. എന്നാൽ പ്രതിരോധപ്രവർത്തനങ്ങൾ തകൃതിയായി നടന്നതോടെ രോഗബാധിതരുടെ എണ്ണം ക്രമേണ കുറയുകയായിരുന്നു. രോഗവ്യാപനം കുറഞ്ഞുവന്ന വേളയിൽ വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി തുറന്നിരുന്നു.

സഞ്ചാരികളുടെ കുത്തൊഴുക്കും പ്രതിരോധപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാത്തതും കാരണം വീണ്ടും കൊവിഡ് പടരുകയായിരുന്നു. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന കല്ലാർ മേഖലയിലാണ് അടുത്തിടെ കൂടുതൽ പേർക്ക് രോഗം പിടികൂടിയത്. കല്ലാർ മേഖലയിലെ ആദിവാസി കോളനികളിലേക്ക് വരെ കൊവിഡ് വ്യാപിച്ചിരുന്നു. ഇതോടെ വാ‌ർഡിനെ കണ്ടെയ്ൻമെന്റ് സോൺ ആയി കഴിഞ്ഞയാഴ്ച കളക്ടർ പ്രഖ്യാപിക്കുകയും വാർ‌ഡ് അടച്ചിടുകയും ചെയ്യുകയായിരുന്നു. തൊളിക്കോട് പഞ്ചായത്തിലും കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. നിലവിൽ നൂറിൽ താഴെ രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.

സഞ്ചാരികൾക്കായി വീണ്ടും പൊൻമുടി

വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടി അടുത്ത ആഴ്ച തുറക്കും. കല്ലാറിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വാ‌‌ർഡിനെ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിക്കുകയും പൊൻമുടിയിലേക്കുള്ള വിനോദസഞ്ചാരം നിറുത്തിവയ്ക്കുകയുമായിരുന്നു. 23 നാണ്പൊൻമുടി അടച്ചത്. ഇടയ്ക്ക് വീണ്ടും പൊൻമുടി തുറക്കാൻ വനംവകുപ്പ് ആലോചിച്ചെങ്കിലും പിന്നീട് തീരുമാനം പഞ്ചായത്തിന് വിടുകയായിരുന്നു. കല്ലാറിൽ ഇറങ്ങാതെ നേരേ പൊൻമുടിയിലേക്ക് സഞ്ചാരികളെ അയയ്ക്കാനായിരുന്നു തീരുമാനം. ഇപ്പോൾ കല്ലാറിൽ കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിതുര പഞ്ചായത്തും, വനംവകുപ്പും അടുത്ത ദിവസം യോഗം ചേർന്ന് പൊൻമുടി തുറക്കാനുള്ള തീയതി തീരുമാനിക്കും.

പരിശോധകൾ ശക്തമാക്കും

വിതുര പഞ്ചായത്തിൽ കൊവിഡ് വ്യാപനതോത് കുറഞ്ഞിട്ടുണ്ടെങ്കിലും ശക്തമായ പരിശോധന നടത്തും. പൊൻമുടിയിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. ഇതിനായി ആനപ്പാറ, കല്ലാർ മേഖലകളിൽ പൊലീസിനെ വിന്യസിക്കും.