മയിലുകളെ വേട്ടയാടി തല്ലിക്കൊന്നു : വൈദികന്‍ അറസ്റ്റില്‍

0
111

മയിലുകളെ വേട്ടയാടി തല്ലിക്കൊന്ന് ശവം സൂക്ഷിച്ച സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍. തൃശൂര്‍ രാമവര്‍മ്മപുരം വിയ്യാനി ഭവന്‍ ഡയറക്ടര്‍ കൂടിയായ ഫാ.ദേവസി പന്തല്ലൂക്കാരനെയാണ് പിടികൂടിയത്. രണ്ട് മയിലുകളെ വലയില്‍പ്പെടുത്തി പിടികൂടി അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിച്ചുവെച്ചുവെന്നുമാണ് കേസ്. തൃശൂര്‍ ഫ്ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേൃതൃത്വത്തിലുള്ള സംഘമാണ് ഫാദറിനെ അറസ്റ്റ് ചെയ്തത്.

സെക്ഷന്‍ ഫോറസ്റ് ഓഫിസര്‍ എം.എസ്. ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എന്‍.യു. പ്രഭാകരന്‍, ഷിജു ജേക്കബ്, കെ. ഗിരീഷ്‌കുമാര്‍, ഫോറസ്റ് ഡ്രൈവര്‍ സി.പി. സജീവ് കുമാര്‍ എന്നിവരും പങ്കെടുത്തു. കേസ് തുടരന്വേഷണത്തിനായി പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷന് കൈമാറി. സമീപകാലത്ത് മയിലുകള്‍ നാട്ടിന്‍ പുറങ്ങളിലെ കൃഷിയിടങ്ങളില്‍ എത്തി കൃഷി നശിപ്പിക്കുന്ന സംഭവങ്ങള്‍ വ്യാപകമാണ്.

ദേശീയപക്ഷിയും വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിക്കുന്ന ജീവിയാണ് മയില്‍.