Thursday
18 December 2025
24.8 C
Kerala
HomeKeralaസി എസ് സുജാത മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി

സി എസ് സുജാത മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി സി എസ് സുജാതയെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി പി സതീദേവി വനിതാ കമീഷൻ അധ്യക്ഷയായതിനെ തുടർന്നാണ് പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ്. നിലവിൽ സംസ്ഥാന ട്രഷറർ ആയിരുന്നു മുൻ എംപി കൂടിയായ സി എസ് സുജാത. ട്രഷറർ സ്ഥാനത്തേക്ക് ഇ പത്മാവതിയെയും (കാസർകോട്) തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി സൂസൻ കോടി തുടരും.

സംസ്ഥാന കമ്മിറ്റി യോഗത്തിൽ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, മന്ത്രി ആർ ബിന്ദു എന്നിവരും പങ്കെടുത്തു.

എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയപ്രവർത്തനം സി എസ് സുജാത ആരംഭിച്ചത്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സർവകലാശാല സിൻഡിക്കേറ്റിലെ ആദ്യ വിദ്യാർഥിനി പ്രതിനിധിയായിരുന്നു.1986 ൽ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറിയായിരുന്നു. പ്രഥമ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗമായിരുന്നു. തുടർന്ന് 1995 മുതൽ 2004 വരെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി.

2004ൽ മാവേലിക്കരയിൽനിന്ന് പാർലമെന്റ് അംഗമായി. സിപിഐ എം സംസ്ഥാന കമ്മ്റ്റി അംഗം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ്, സംസ്ഥാന ട്രഷറർ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, മിനിമം വേജസ് ബോർഡ് ഉപദേശക ബോർഡ് അംഗം, അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.

 

RELATED ARTICLES

Most Popular

Recent Comments