പാലക്കാട് യുവാവിനെ സുഹൃത്ത് കുത്തികൊന്നു

0
67

പാലക്കാട് പൂക്കോട്ടുകാവ് കല്ലുവഴിയിൽ യുവാവിനെ കുത്തികൊന്നു. കല്ലുവഴി കുണ്ടിൽവീട്ടിൽ ദിലീപാണ് (40) മരിച്ചത്. വ്യാഴാഴ്‌ച വൈകിട്ട് മൂന്നരയോടെ കല്ലുവഴി സെന്ററിൽ വച്ചാണ് ദിലീപിന് കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട് പൂക്കോട്ടുകാവ് പരിയാനംപറ്റ ചോലയിൽ വീട്ടിൽ ശ്രീനുമോനെ (40) ശ്രീകൃഷ്‌ണപുരം പൊലീസ് അറസ്റ്റ് ചെയ്‌തു. ദിലീപിനെ കുത്തിയതിനുശേഷം ശ്രീനുമോൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

മുമ്പ് സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. കല്ലുവഴി സെന്ററിൽ നിന്നിരുന്ന ദിലീപിനെ ബൈക്കിലെത്തിയ ശ്രീനുമോൻ റോഡിൽ വച്ച് കുത്തുകയായിരുന്നു. കുത്തേറ്റ് ഇരുപതു മിനിറ്റോളം രക്തം വാർന്ന് കിടന്ന ദിലീപിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദിലീപിന്റെ വയറിലും കഴുത്തിലും ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. കുത്തുന്നതിനിടെയുള്ള പിടിവലിയിൽ പ്രതി ശ്രീനുമോനും കൈയിൽ മുറിവേറ്റു. പ്രതിയെ വെള്ളിയാഴ്‌ച ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കും. മീൻ വിൽപനയായിരുന്നു ദിലീപിന്റെ ജോലി. ഭാര്യ: ഷീബ. മക്കൾ: അമ്പിളി, അഖിൽ കൃഷ്‌ണ.