യു എ ഇയില്‍ വാട്‌സ്‌ആപ് കോളുകള്‍ ലഭ്യമായിത്തുടങ്ങിയെന്ന് റിപോര്‍ട്

0
69

യു എ ഇയില്‍ വാട്‌സ്‌ആപ് കോളുകള്‍ ലഭ്യമായിത്തുടങ്ങിയെന്ന് റിപോര്‍ട്. യു എ ഇയിലെ സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളില്‍ ചിലര്‍ക്ക് വാട്‌സ് ആപ്, സ്‌കൈപ് ഉള്‍പെടെയുള്ള ആപുകളിലൂടെയുള്ള വോയിസ് കോള്‍ സൗകര്യം ലഭ്യമായെന്നാണ് വിവരം.

ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ റോയിടേഴ്‌സാണ് ബുധനാഴ്ച റിപോര്‍ട് ചെയ്തത്. വാര്‍ത്തകള്‍ കണ്ട് സ്വന്തം ഫോണുകളില്‍ പരിശോധിച്ച ചിലരും തങ്ങള്‍ക്ക് വാട്‌സ് ആപ് കോളുകള്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ശബ്ദ നിലവാരം മികച്ചതായിരുന്നെന്നും ഇവര്‍ പറഞ്ഞു.

വാട്‌സ് ആപ്, ഫേസ് ടൈം എന്നിവ ഉള്‍പെടെയുള്ള ചില വോയിസ് ഓവെര്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ വിലക്ക് നീക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നുവെന്ന് യു എ ഇ സര്‍കാരിന്റെ സൈബര്‍ സെക്യൂരിറ്റി വിഭാഗം തലവന്‍ നേരത്തെ അറിയിച്ചിരുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ പരിമിതമായ സമയത്തേക്ക് നേരത്തെ വാട്‌സ്‌ആപ് കോളുകളുടെ വിലക്ക് നീക്കിയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ചില നടപടികള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നും അദ്ദേഹം കഴിഞ്ഞ ഡിസംബറില്‍ നടന്ന ജി സി സി സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് വേദിയില്‍വച്ച്‌ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

വാട്‌സ് ആപ് ഉള്‍പെടെ വോയിസ് ഓവെര്‍ ഇന്റര്‍നെറ്റ് പ്രോടോകോള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സേവനങ്ങള്‍ക്ക് യു എ ഇയില്‍ നിയന്ത്രണമുണ്ട്. പകരം പണം നല്‍കി ഉപയോഗിക്കാവുന്ന മറ്റ് ആപുകളാണ് ഉപഭോക്താക്കള്‍ ആശ്രയിക്കുന്നത്.

അതേസമയം ഓണ്‍ലൈന്‍ പഠനത്തിനും ജോലികള്‍ക്കുമായി മൈക്രോസോഫ്റ്റ് ടീംസ്, സൂം, സ്‌കൈപ് ഫോര്‍ ബിസിനസ് എന്നിവ രാജ്യത്ത് ലഭ്യമാക്കിയിരുന്നു.