പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂരിൽ വോട്ടെടുപ്പ് തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലെ അക്രമസംഭങ്ങളുടെ പശ്ചാത്തലത്തില്‍ ഭവാനിപൂരില്‍ ശക്തമായ സുരക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ളത്. വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ പോളിംഗ് ബൂത്തുകളുടെ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ ബാധകമായിരിക്കും. സംസ്ഥാന പൊലീസിനൊപ്പം കേന്ദ്ര സേനയേയും ഭവാനിപൂരിൽ വിന്യസിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് ഭവാനിപൂര്‍. തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്ന മമതാ ബാനര്‍ജിക്ക് ബിജെപിയിലെ പ്രിയങ്ക തിബ്രിവാളാണ് പ്രധാന എതിരാളി. സിപിഐഎമ്മിന്റെ ശ്രിജിബ് ബിശ്വാസും ശക്തമായ പ്രചരണമാണ് മണ്ഡലത്തില്‍ നടത്തിയത്.
ഒക്ടോബര്‍ 3നാണ് ഫലപ്രഖ്യാപനം. സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്ന് മാറ്റി വച്ച സംസേർഗഞ്ച്, ജാങ്കിപ്പൂർ മണ്ഡലങ്ങളിലും ഇന്നാണ് ഉപതെരഞ്ഞെടുപ്പ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമാണ്. മുന്‍ തൃണമൂല്‍ പ്രവര്‍ത്തകനും നിലവില്‍ ബിജെപി നേതാവുമായ സുവേന്ദു അധികാരിയോട് 1736 വോട്ടുകള്‍ക്കാണ് അന്ന് മമത പരാജയപ്പെട്ടത്.