സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾക്ക് കയറ്റിറക്ക് ജോലിക്കായി നേരിട്ട് ചുമട്ടുതൊഴിലാളികളെ നിയമിക്കാമെന്ന് ഹൈക്കോടതി. സ്ഥാപനമുടമയുടെയും തൊഴിലാളികളുടെയും അപേക്ഷ പരിഗണിച്ച് ഹെഡ്ലോഡ് വർക്കേഴ്സ് ആക്ട് പ്രകാരം ചുമട്ടുതൊഴിലാളികളായി രജിസ്റ്റർ ചെയ്യാം എന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കിയിരിക്കുന്നത്.
കൊല്ലം മങ്ങാടുള്ള കെ.ഇ.കെ. കാഷ്യൂ എന്ന സ്ഥാപനത്തിന്റെ ഉടമ ഇ. മൻസൂറും ഇവിടെ ജോലിചെയ്യുന്ന മൂന്ന് തൊഴിലാളികളും നൽകിയ അപേക്ഷ അസിസ്റ്റന്റ് ലേബർ ഓഫീസർ തള്ളിയതിനെതിരായ ഹർജി അനുവദിച്ചാണ് ഉത്തരവ്. ചുമട്ടുതൊഴിലാളികളായി ജോലി ചെയ്തിട്ടില്ലെന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നിരസിച്ചത്. ജില്ലാ ലേബർ ഓഫീസർക്ക് നൽകിയ അപ്പീലും തള്ളിയിരുന്നു.
അപേക്ഷ നിരസിക്കാനുണ്ടായ കാരണങ്ങൾ യുക്തിരഹിതമാണെന്ന് ഹൈക്കോടതി പറഞ്ഞു. ചുമട്ടുതൊഴിൽ ചെയ്യാനുള്ള ശേഷിയുണ്ടോ എന്നും തൊഴിലുടമ ഇവരെ ചുമട്ടുതൊഴിലാളിയായി രജിസ്റ്റർ ചെയ്യാൻ തയ്യാറാണോ എന്നതും മാത്രമേ പരിശോധിക്കേണ്ടതുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.
ലേബർ ഓഫീസറുടെ ഉത്തരവ് റദ്ദാക്കിയ കോടതി 30 ദിവസത്തിനുള്ളിൽ ഇവരെ മൻസൂറിന്റെ സ്ഥാപനത്തിലെ ചുമട്ടുതൊഴിലാളികളായി രജിസ്റ്റർ ചെയ്ത് തിരിച്ചറിയൽ കാർഡ് നൽകാനും കൊല്ലം അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് നിർദേശം നൽകി.