മദ്യലഹരിയിൽ വീടിന് തീയിട്ടു; അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ മകന്റെ ശ്രമം

0
80

മാവേലിക്കര ചെട്ടികുളങ്ങര കാട്ടുവള്ളിൽ വീടിന് തീയിട്ട് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ മകന്റെ ശ്രമം. മദ്യലഹരിയിൽ വീട്ടിൽ വഴക്കുണ്ടാക്കിയ മകൻ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്തറുത്തു, പിന്നീട് സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കാട്ടുവള്ളിൽ ക്ഷേത്രത്തിന് സമീപം പൊലീസും അഗ്നിശമനസേനയും നാട്ടുകാരുമുൾപ്പടെ വൻജനക്കൂട്ടത്തിന് മുന്നിലായിരുന്നു സംഭവം.

കാട്ടുവള്ളി നാമ്പോലിൽ സുരേഷ് (50) ആണ് അമ്മ രുഗ്മിണിയെ ആക്രമിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യലഹരിയിൽ വീട്ടിൽ എത്തിയ സുരേഷ് അമ്മയുമായി വഴക്കിടുകയും വീടിനോട് ചേർന്നിരുന്ന സ്‌കൂട്ടറിന് തീയിടുകയുമായിരുന്നു. സ്‌കൂട്ടറിൽ നിന്നും തീ വീടിനുള്ളിലേക്ക് ആളി പടർന്ന് വീടിനുള്ളിലെ സാധനങ്ങൾക്കും തീപിടിച്ചു.

വീടിന്റെ തീയണച്ചെങ്കിലും കത്തിയുമായി നിന്ന സുരേഷിനടുത്തേക്ക് പോകാൻ ആരും തയ്യാറായില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മാവേലിക്കര പൊലീസ് സ്ഥലത്തെത്തി സുരേഷിനെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചെങ്കിലും കുതറിമാറിയ പ്രതി കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് അമ്മയുടെ കഴുത്തിൽ വെട്ടുകയായിരുന്നു.