30 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഫണ്ടില്‍ തിരിമറി; അണ്ണാ ഡി.എം.കെ മുന്‍ മന്ത്രിക്ക് അഞ്ച് വര്‍ഷം തടവും പിഴയും

0
52

30 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഫണ്ടില്‍ തിരിമറി നടത്തിയ സംഭവത്തില്‍ അണ്ണാ ഡി.എം.കെ മുന്‍ മന്ത്രിക്കും ഭര്‍ത്താവിനും അഞ്ച് വര്‍ഷം തടവും പിഴയും. എ.ഐ.എ.ഡി.എം.കെ മുന്‍ മന്ത്രിയായിരുന്ന ആര്‍. ഇന്ദിര കുമാരിയെയും ഭര്‍ത്താവ് എ. ബാബുവിനെയുമാണ് 15 ലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്ത സംഭവത്തില്‍ പ്രത്യേക കോടതി ശിക്ഷിച്ചത്.

വിധി കേള്‍ക്കാന്‍ കോടതി മുറിയില്‍ ഉണ്ടായിരുന്ന ഇന്ദിരാ കുമാരിയെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് ഗവ. റോയപേട്ട് ആശുപത്രിയിലേക്കും മാറ്റി.

1991 – 96 കാലഘട്ടത്തിൽ പ്രഥമ ജയലളിത സർക്കാരിന്റെ കാലഘട്ടത്തിലായിരുന്നു ഇന്ദിര കുമാരി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നത്. പിന്നീട് 2006 ൽ ഇവർ ഡി.എം.കെയിൽ ചേർന്നിരുന്നു. മന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഫണ്ട് തിരിമറി നടത്തിയെന്നായിരുന്നു ആരോപണം. സർക്കാരിൽ നിന്ന് രണ്ട് ട്രസ്റ്റുകൾക്കായി അനുവദിച്ചിരുന്ന 15.45 ലക്ഷം രൂപ ദുരുപയോഗം ചെയ്‌തെന്നാണ് കണ്ടെത്തിയത്.

ശ്രവണ വൈകല്യമുള്ള കുട്ടികൾക്കായി ഒരു പ്രത്യേക സ്‌കൂൾ നടത്തുന്നതിന് മേഴ്‌സി മദർ ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റിനും ഗുരുതരമായ അസ്ഥിരോഗമുള്ള കുട്ടികൾക്കുള്ള സ്ഥാപനമായ ഭരണി സ്വാതി എഡ്യുക്കേഷണൽ ട്രസ്റ്റ് എന്ന മറ്റൊരു സംഘടനയ്ക്കും അനുവദിച്ച പണമാണ് ദുരുപയോഗം ചെയ്തത്.

1996 ൽ ഡി.എം.കെ അധികാരത്തിൽ വന്നതോടെ 1997 ൽ കേസ് രജിസ്റ്റർ ചെയ്യുകയും 2004 ൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ വിധിയായിരിക്കുന്നത്.തടവിന് പുറമെ കേസിലെ മുഴുവൻ പ്രതികൾക്കും 10,000 രൂപ പിഴ ശിക്ഷയും വിധിച്ചിരുന്നു. സംഭവത്തിൽ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ പി. ഷൺമുഖത്തിന് കോടതി മൂന്ന് വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു പിഴ അടച്ചില്ലെങ്കിൽ എല്ലാവരും ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

മന്ത്രിയുടെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് (പി.എ) ആയിരുന്ന ആർ. വെങ്കിടകൃഷ്ണനെ കോടതി വെറുതെ വിട്ടു. അന്നത്തെ സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥനായ ആർ. കിരുബകരൻ വിചാരണയ്ക്കിടെ മരിച്ചതോടെ അദ്ദേഹത്തിനെതിരെയുള്ള കേസ് തള്ളിയിരുന്നു. ശിക്ഷ പ്രഖ്യാപിച്ച ഉടനെ, കോടതി ഹാളിൽ ഉണ്ടായിരുന്ന ഇന്ദിര കുമാരിക്ക് ശ്വാസതടസ്സമുണ്ടെന്ന് പരാതിപ്പെടുകയും പിന്നീട് ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.