വിമലയ്ക്ക് ഒരേക്കർ ഭൂമിക്ക് പട്ടയം നൽകി, ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീട് നിർമിച്ച്‌ നൽകും; എം വി ഗോവിന്ദൻ

0
74

കാട്ടാനയെ ഭയന്ന് ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിലെ 301 കോളനിയിൽ പാറപ്പുറത്ത് ഷെഡ് കെട്ടി കഴിഞ്ഞിരുന്ന വിമലയ്‌ക്കും കുടുംബത്തിനും ആനശല്യമില്ലാത്ത പ്രദേശത്ത് ഒരേക്കർ ഭൂമിയുടെ പട്ടയം കൈമാറി. അവിടെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീട് നിർമിച്ച്‌ നൽകാൻ തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദൻ നിർദേശം നൽകി.

ഇടുക്കി മൂന്നാർ ചിന്നക്കനാൽ പഞ്ചായത്ത് ഒമ്പതാം വാർഡിലുള്ള വീട് കാട്ടാന നശിപ്പിച്ചതിനെ തുടർന്ന് ആനയെ ഭയന്ന് ഉയർന്നു നിൽക്കുന്ന പാറയ്‌ക്ക് മുകളിൽ ടാർപോളിൻ ഷീറ്റ് കൊണ്ടുള്ള ഷെഡുണ്ടാക്കിയായിരുന്നു വിമലയും സനലും കഴിഞ്ഞിരുന്നത്. ഇത് സംബന്ധിച്ച വാർത്തകൾ വന്നപ്പോൾ തന്നെ മന്ത്രി എം വി ഗോവിന്ദൻ വിഷയത്തിൽ ഇടപെട്ടു. മന്ത്രിയുടെ നിർദേശ പ്രകാരം സെപ്‌തംബർ 13ന് ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എസ് ടി പ്രമോട്ടർ എന്നിവർ വിമലയെ സന്ദർശിച്ചു. തുടർന്ന് ഇടുക്കി ജില്ലാതല റിസോഴ്‌സ് സെന്റർ ഉദ്ഘാടനം ചെയ്യവേ, വിമലയുടെയും മകന്റേയും ദുരവസ്ഥയ്‌ക്ക് അടിയന്തര പരിഹാരമുണ്ടാകുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു.

തൊട്ടടുത്ത ദിവസം മന്ത്രിയുടെ നിർദേശ പ്രകാരം പഞ്ചായത്ത് അഡീഷണൽ ഡയറക്‌ടർ എം പി അജിത് കുമാർ വിമലയുടെ കുടിലിലേക്ക് പോയി. അവിടെയുള്ള കാളി എന്ന വാച്ചറുടെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് വിമലയെയും മകനെയും മന്ത്രിയുടെ നിർദേശ പ്രകാരം താൽക്കാലികമായി മാറ്റി താമസിപ്പിച്ചു. അവർക്ക് വേണ്ടി പുതിയ കട്ടിലും കിടക്കയും വസ്‌ത്രങ്ങളും വാങ്ങി നൽകിയ ശേഷമാണ് അഡീഷണൽ ഡയറക്‌ട‌‌ർ മടങ്ങിയത്.

കാട്ടാനയുടെ ശല്യമില്ലാത്ത ആവാസ വ്യവസ്ഥയിലാണ് ഇപ്പോൾ ഒരേക്കർ ഭൂമി സർക്കാർ നൽകിയത്. പട്ടയം ലഭിച്ച സന്തോഷത്തിൽ നിൽക്കുന്ന വിമലയ്‌ക്കും കുടുംബത്തിനും ലൈഫ് പദ്ധതിയിലുൾപ്പെടുത്തി വീട് നിർമിച്ച് നൽകുന്ന പ്രവർത്തനവും സമയബന്ധിതമായി നടപ്പിലാക്കും. ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് മന്ത്രി ഗോവിന്ദൻ വ്യക്തമാക്കി.