പുരയിടം കിളയ്ക്കാൻ തൊഴിലാളികളെ കിട്ടാനില്ല, പണിയെടുക്കാൻ വരുന്നവർ ചോദിക്കുന്നത് അമിത കൂലിയും. ഒടുവിൽ പുരയിടം കിളയ്ക്കാൻ സ്വന്തമായൊരു മണ്ണ് മാന്തിയന്ത്രം നിർമിച്ചിരിക്കുകയാണ് കല്ലമ്പലം ചേന്നൻകോട് വിജിത്രയിൽ സജി.
നാലരമാസത്തെ അധ്വാനംകൊണ്ടാണ് പ്രവാസിയായ സജി മിനി എസ്കവേറ്റർ രണ്ടരലക്ഷം രൂപ ചെലവിൽ ഹാന്റ്മെയിഡ് എസ്കവേറ്റർ നിരത്തിലിറക്കിയത്. ബികോം ബിരുദധാരിയായ സജി പാരലൽ കോളേജിൽ അധ്യാപകനായി ജോലി നോക്കിയതിന് ശേഷമാണ് ഒമാനിലെ വർക്ക്ഷോപ്പിൽ അക്കൗണ്ടന്റാകുന്നത്. കോവിഡിന്റെ രണ്ടാംതരംഗത്തിൽ ഏപ്രിലിൽ നാട്ടിലെത്തിയ സജി പുരയിടം പണിക്കായി പലരെയും വിളിച്ചെങ്കിലും തൊഴിലാളികളെ കിട്ടിയില്ല. തുടർന്നാണ് സ്വന്തമായി എസ്‌കവേറ്റർ നിർമിക്കാൻ തീരുമാനിച്ചത്. ഒമാനിൽ വർക്ക് ഷോപ് അക്കൗണ്ടന്റ് ജോലിക്കൊപ്പം ജെസിബി വാങ്ങി ഗൾഫിൽ വാടകയ്ക്ക് നൽകിയിരുന്നു. ഈ ജെസിബിയുടെ പ്രവർത്തനം നിരീക്ഷിച്ചാണ് മണ്ണ്‌മാന്തി യന്ത്രം നിർമിച്ചത്.
കോയമ്പത്തൂരിൽ നിന്നാണ് യന്ത്രത്തിന് ആവശ്യമായ ഹൈഡ്രോളിക് സിലിണ്ടർ, ഹൈഡ്രോളിക് മോട്ടോർ, കൺട്രോൾ വാൽവ് എന്നിവ വാങ്ങിയത്. പഴയവാഹനം പൊളിക്കുന്ന സ്ഥലത്ത് നിന്ന് ഒരു കാറിന്റെ എഞ്ചിനും ഷാസിയും ഗ്യാസ് സിലിണ്ടർ രണ്ടായി മുറിച്ച് രണ്ട് ടാങ്കുകളും നിർമിച്ചു. ബാറ്ററി വിലകൊടുത്തു വാങ്ങി. എസ്കവേറ്ററിന്റെ ബക്കറ്റടക്കം സ്വന്തമായാണ് വെൽഡ് ചെയ്തത്. നിലവിൽ നാല് ടയറുകളുണ്ടെങ്കിലും യന്ത്രത്തിന് ബെൽറ്റ് നൽകാനാണ് സജി ആലോപിക്കുന്നത്. റോഡിലിറക്കാതെ മറ്റ് വാഹനങ്ങളിൽ കൊണ്ടുപോകാൻ ഇത് സഹായകരമാകും.
നിലവിലെ എസ്കവേറ്റർ ഉപയോഗിച്ച് പുരയിടം കിളയ്‌ക്കാനും കുഴിക്കാനും പുരയിടം നിരപ്പാക്കാനും ചെറിയ കുന്നിടിക്കാനും സാധിക്കും. നിലവിൽ കേരളത്തിലെ മിനി എസ്കവേറ്ററുകൾക്ക് 22 ലക്ഷം രൂപ മുതലാണ്. പത്തുലക്ഷം രൂപ ചെലവിൽ ഏറ്റവും മികച്ച എസ്കവേറ്റർ നിർമിക്കാമെന്ന് സജി പറയുന്നു. ആവശ്യക്കാർക്കായി എസ്കവേറ്റർ നിർമിച്ച് നൽകാൻ താൻ റെഡിയാണെന്നാണ് സജി പറയുന്നത്.