നേവിസിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രി വീണാ ജോർജ്

0
117

ഏഴ് പേർക്ക് പുതുജീവിതം സമ്മാനിച്ച കോട്ടയം വടവത്തൂർ സ്വദേശി നേവിസിന്റെ (25) വീട്ടിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കുടുംബത്തെ ആശ്വസിപ്പിച്ചു. നേവിസിന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യുന്നതിന് വേണ്ടിയുള്ള മാതാപിതാക്കളുടേയും മറ്റ് കുടംബാംഗങ്ങളുടേയും തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

ആ തീരുമാനത്തോട് പ്രത്യേകമായ നന്ദിയും ആദരവും അറിയിക്കുന്നു. അനശ്വരമായ ഓർമ്മകൾ അവശേഷിപ്പിച്ചു കൊണ്ടാണ് നേവിസ് കടന്ന് പോയത്. നേവിസിന്റെ ഓർമ്മകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിച്ചു. അച്ഛൻ സാജൻ മാത്യു, അമ്മ ഷെറിൻ, സഹോദരൻ എൽവിസ്, സഹോദരി വിസ്മയ എന്നിവരെ മന്ത്രി ആദരവറിയിച്ചു. നേവിസിന് മന്ത്രി അന്ത്യാജ്ഞലി അർപ്പിക്കുകയും ചെയ്തു.

സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് നേവിസിന്റെ അവയവങ്ങൾ കുടുംബം ദാനം നൽകിയത്. ഏഴ് പേർക്കാണ് അതിലൂടെ പുതുജീവിതം ലഭിച്ചത്. ഹൃദയം, കരൾ, കൈകൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്. ഫ്രാൻസിൽ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്‌നമായിരുന്നു. തുടർന്നാണ് മസ്തിഷ്‌ക മരണം സംഭവിച്ചതും അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചതും. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അവയവ വിന്യാസത്തിനായി വലിയ പ്രവർത്തനങ്ങളാണ് നടന്നത്. അവയവം സ്വീകരിച്ചവർ അതത് ആശുപത്രികളിൽ സുഖം പ്രാപിച്ചു വരുന്നു.