രാജ്യം നിശ്ചലം

0
171

സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ്. കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് കർഷകർ രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തത്. ദൽഹിയിലെ നാഷണൽ ഹൈവേകൾ തടയാനുള്ള ഒരുക്കത്തിലാണ് കർഷകർ. ദേശീയ പാതയിലൂടെ ഒരു തരത്തിലുള്ള യാത്രകളോ, ചരക്കു നീക്കങ്ങളോ നടത്താൻ അനുവദിക്കില്ലെന്നും കർഷകർ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ ദൽഹി-മീററ്റ് എക്‌സ്പ്രസ് ഹൈവേ കർഷകർ ഉപരോധിച്ചിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള ഗതാഗതവും സമരത്തിന്റെ ഭാഗമായി കർഷകർ തടഞ്ഞു. പഞ്ചാബ്-ഹരിയാനയിലെ ശംഭു അതിർത്തിയും കർഷകർ ഉപരോധിക്കുന്നുണ്ട്.പഞ്ചാബിൽ കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു കർഷകർക്ക് വേണ്ട സഹായങ്ങൾ നൽകണമെന്നും ഭാരത് ബന്ദ് വിജയിപ്പിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും പ്രവർത്തകരോടാവശ്യപ്പെട്ടിരുന്നു. ഉത്തർപ്രദേശിൽ മായാവതിയും സമരത്തിന് പിന്തുണ നൽകാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തിരുന്നു.

സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളും സമരത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി അടഞ്ഞു കിടക്കുകയാണ്.