ഇന്ന് 16,671 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്

0
59

ഇന്ന് 16,671 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,14,627 പരിശോധനകള്‍ നടന്നു. 1,65,154 പേരാണ് ചികിത്സയിലുള്ളത്. 120 മരണങ്ങളുണ്ടായി.

കോവിഡിനെതിരായ നമ്മുടെ പോരാട്ടം തുടങ്ങിയിട്ട് ഒന്നേ മുക്കാല്‍ വര്‍ഷത്തോളമായി. 90 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിനേഷന്‍ നല്‍കിയതിനാല്‍ അതനുസരിച്ചുള്ള ഇളവുകളും സംസ്ഥാനം നല്‍കി വരികയാണ്.
തൊട്ടു മുന്‍പുള്ള ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 8% കുറവു വന്നിട്ടുണ്ട്. രോഗം ഒരു തവണ വന്നവരില്‍ രോഗബാധ വീണ്ടും ഉണ്ടാകുന്നത് കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 24 വരെയുള്ള കാലയളവില്‍, ശരാശരി ആക്ടീവ് കേസുകള്‍ 1,70,669 ആയിരുന്നു. അതില്‍ ശരാശരി 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു കിടക്കകളും വേണ്ടി വന്നത്. ഈ കാലയളവില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ ഏകദേശം 7,000 കേസുകളുടെ കുറവുണ്ടായിട്ടുണ്ട്. പുതുതായി രേഖപ്പെടുത്തിയ കേസുകളിലെ വളര്‍ച്ചാ നിരക്ക് മുന്‍ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയില്‍ 5 ശതമാനം കുറഞ്ഞു. സജീവമായ രോഗികളുടെ എണ്ണം, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്‍റിലേറ്റര്‍, ഓക്സിജന്‍ സപ്പോര്‍ട്ട് എന്നിവയില്‍ പ്രവേശിച്ചവരുടെ എണ്ണം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയില്‍ യഥാക്രമം 16 ശതമാനം, 7 ശതമാനം, 21 ശതമാനം, 3 ശതമാനം, 6 ശതമാനം എന്നിങ്ങനെ കുറഞ്ഞു.

രോഗം ഒരു തവണ വന്നവരില്‍ രോഗബാധ വീണ്ടും ഉണ്ടാകുന്നത് കുറഞ്ഞു വരുന്ന പ്രവണതയാണുള്ളത്. ഇത്തരം കേസുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഈ വര്‍ഷത്തേക്കാള്‍ 6 മടങ്ങായിരുന്നു. പത്തനംതിട്ട, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റീഇന്‍ഫെക്ഷന്‍ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെറുപ്പക്കാര്‍ക്കിടയിലാണ് രോഗബാധ വീണ്ടും കൂടുതലായി ഉണ്ടാകുന്നത്.

നിലവില്‍ സംസ്ഥാനത്തെ ആര്‍ ഫാക്റ്റര്‍ 0.94 ആണ്. ആര്‍ ഫാക്റ്റര്‍ ഒന്നിലും കുറയുമ്പോള്‍ രോഗം കുറഞ്ഞു വരുന്നു എന്ന സൂചനയാണ് ലഭിക്കുക. ഏറ്റവും ഉയര്‍ന്ന ആര്‍ ഫാക്റ്റര്‍ കോട്ടയം ജില്ലയിലാണ്. 1.06 ആണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലകളിലും ആര്‍ ഫാക്റ്റര്‍ ഒന്നിനു മുകളിലാണ്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. 0.72 ആണ് അവിടത്തെ ആര്‍ ഫാക്റ്റര്‍.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്കും ഗുരുതരമായ കേസുകളും കുറയുകയാണ്. മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് ചികിത്സയ്ക്കായി പ്രവേശിക്കേണ്ടി വരുന്നവരുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 6.7% കുറവ് അക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ നാലു വരെയുള്ള ദിവസങ്ങളില്‍ 1979 രോഗികളാണ് മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കപ്പെട്ടതെങ്കില്‍, സെപ്തംബര്‍ 19 മുതല്‍ സെപ്തംബര്‍ 24 വരെയുള്ള ദിവസങ്ങളില്‍ 1361 കേസുകളായി അത് കുറഞ്ഞു. ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിക്കേണ്ടി വരുന്ന രോഗികളില്‍ 52.7% പേരും വാക്സിന്‍ എടുക്കാത്തവരാണ്.

കോവിഡ് മരണങ്ങളില്‍ 57.6 ശതമാനവും വാക്സിന്‍ എടുക്കാത്തവര്‍ക്കാണ് സംഭവിച്ചത്. മരിച്ചവരില്‍ 26.3% പേര്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്തവരും, 7.9% പേര്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവരുമാണ്. വാക്സിന്‍ എടുത്തിട്ടും മരണമടഞ്ഞവരില്‍ ബഹുഭൂരിഭാഗം പേരും പ്രായാധിക്യമുള്ളവരോ രണ്ടോ അതില്‍ കൂടുതലോ അനുബന്ധ രോഗമുള്ളവരോ ആയിരുന്നു.

പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ സംസ്ഥാനത്ത് ഇതുവരെ ആകെ മൂന്നര കോടി ഡോസ് (3,50,12,467) വാക്സിന്‍ നല്‍കാനായി. ആദ്യ ഡോസ് വാക്സിനേഷന്‍ 91.62 ശതമാവും (2,44,71,319), രണ്ടാം ഡോസ് വാക്സിനേഷന്‍ 39.47 ശതമാനവുമാണ് (1,05,41,148).

സംസ്ഥാനത്ത് ആകെ 22 ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത്. കോവിഡ് പോസിറ്റീവായവര്‍ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്സിന്‍ എടുക്കേണ്ടതുള്ളൂ. അതിനാല്‍ തന്നെ വളരെ കുറച്ച് പേര്‍ മാത്രമാണ് വാക്സിന്‍ എടുക്കാനുള്ളത്.

സംസ്ഥാനത്തെ വാക്സിനേഷന്‍ നിരക്ക് തൊണ്ണൂറു ശതമാനമെത്തിയ സാഹചര്യത്തില്‍ പുറത്തിറങ്ങാനുള്ള നിബന്ധനകള്‍ ഇനിയും നിഷ്കര്‍ഷിക്കുന്നതില്‍ സാംഗത്യമില്ല. ഒരു ഡോസ് വാക്സിനേഷനെങ്കിലും സ്വീകരിച്ചവരോ, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ, കോവിഡ് ബാധിതരായി രണ്ടാഴ്ച്ച കഴിഞ്ഞവരോ മാത്രമേ പുറത്തിറങ്ങാവൂ എന്ന നിയന്ത്രണം നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. അത് ഒഴിവാക്കാന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.

നിയന്ത്രണങ്ങള്‍ കാരണം ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. പാഴ്സല്‍ ആയും വാഹനങ്ങളിലും തുറന്ന സ്ഥലങ്ങളിലും ഭക്ഷണം നല്കി ഈ നിയന്ത്രണത്തോട് സഹകരിക്കാന്‍ പൊതുവെ റസ്റ്ററന്‍റ് ഉടമകളും അതിനോട് സഹകരിക്കാന്‍ ജനങ്ങളും തയാറായിട്ടുണ്ട്. നിലവില്‍ ആ നിയന്ത്രണം അതേപടി കൊണ്ടുപോകേണ്ട സാഹചര്യമില്ല. രണ്ടു ഡോസ് വാക്സിനേഷന്‍ സ്വീകരിച്ച ആളുകള്‍ക്കായി ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും, ബാറുകളിലും, ഇന്‍ഹൗസ് ഡെനിംഗ് അനുവദിക്കാം എന്നാണ് കാണുന്നത്. രണ്ടു ഡോസ് വാക്സിനേഷന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തിയായിരിക്കണം ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. കഴിക്കാന്‍ എത്തുന്നവര്‍ക്കുള്ള വാക്സിനേഷന്‍ നിബന്ധന 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ബാധകമല്ല. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ അനുവദിക്കൂ. എ.സി സംവിധാനങ്ങള്‍ ഉപയോഗിക്കാതെ ജനലുകളും വാതിലുകളും പരമാവധി തുറന്നിടാനുള്ള സൗകര്യം ഏര്‍പ്പെടുത്തേണ്ടതാണ്.

ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും രണ്ടു ഡോസ് വാക്സിനേഷന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തി, രണ്ടു ഡോസ് വാക്സിനേഷന്‍ സ്വീകരിച്ച ആളുകള്‍ക്കായി അനുവദിക്കാവുന്നതാണ്. വാക്സിനേഷന്‍ നിബന്ധന 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ബാധകമല്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരിക്കണം പ്രവര്‍ത്തനം.

സ്കൂളുകളും കോളേജുകളും ഏതാനും ആഴ്ചകള്‍ക്കുളളില്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾക്ക് പുറമേ സംസ്ഥാന പോലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ പ്രദേശത്തെ സ്കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്കൂള്‍ മാനേജ്മെന്‍റ് പ്രതിനിധികളുടെയും യോഗം വിളിച്ചുകൂട്ടി കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കുട്ടികളെ കൊണ്ടുവരുന്ന സ്കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തേണ്ടതിന്‍റെ ഉത്തരവാദിത്തം പോലീസിന് ആയിരിക്കും. ഇക്കാര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പിന്‍റെ സഹായവും തേടാവുന്നതാണ്.

സ്കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 20 ന് മുമ്പ് പൂര്‍ത്തിയാക്കണം. കുട്ടികളെ കൊണ്ടുവരുന്നത് സ്വകാര്യവാഹനങ്ങള്‍ ആയാലും സ്കൂള്‍ വാഹനങ്ങള്‍ ആയാലും അവ ഓടിക്കുന്നവര്‍ക്ക് പത്തുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ടാകണം. എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സ്കൂള്‍ സേഫ്റ്റി ഓഫീസറായി നിയോഗിക്കണം.

ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ സ്കൂളിലെത്തി പരിശോധിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

അടച്ചിട്ട മുറികളിലും ഹാളുകളിലും ഉള്ള യോഗങ്ങള്‍ പലയിടത്തും നടക്കുകയാണ്. അത് ഒഴിവാക്കാനാകണം.

അധ്യാപക രക്ഷാകര്‍തൃ സമിതിയോടൊപ്പം തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസ വകുപ്പുകളുടെ കൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് സൂക്ഷ്മതല ആസൂത്രണം സ്കൂള്‍ തുറക്കുന്നതിനു മുന്നേ നടത്തേണ്ടതാണ്.

കുട്ടികളില്‍ കൊവിഡ് വരാനുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നാലും കുറച്ച് കുട്ടികള്‍ക്കെങ്കിലും കോവിഡ് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. അതുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട എല്ലാവരും വാക്സിനേഷൻ നടത്തണമെന്ന് പറയുന്നത്. അത് മാത്രമല്ല അവർ മറ്റ് കൂടുതൽ ആളുകളുമായി ബന്ധപ്പെടാതെ ഇരിക്കുകയും വേണം. സ്കൂൾ പിടിഎ കൾ അതിവേഗത്തിൽ പുന:സംഘടിപ്പിക്കണം.

പ്രവാസി മലയാളി സമൂഹം

പ്രവാസി മലയാളി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായി ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. യാത്രാക്ലേശം അടക്കം വിദേശ മലയാളികള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ പരിഗണിച്ചു.

ജപ്പാനിലെ വിദഗ്ദ്ധതൊഴില്‍ മേഖലകളിലേക്ക് റിക്രൂട്ട്മെന്‍റ് നടത്താന്‍ കേന്ദ്രം പുതിയ സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. മലയാളികള്‍ക്ക് അതിന്‍റെ പ്രയോജനം ലഭിക്കുന്നതിനായി വിദേശകാര്യമന്ത്രാലയവും നോര്‍ക്കയും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.റിക്രൂട്ടുമെന്‍റിനു വേണ്ടി ഇന്ത്യയില്‍ ജപ്പാനീസ് ഭാഷാ പരിശീലനവും പരീക്ഷയും നടത്താന്‍ ജപ്പാന്‍ സര്‍ക്കാര്‍ തയാറായിട്ടുണ്ട്. ജപ്പാന്‍ ഭാഷാ പരിശീലന കേന്ദ്രങ്ങളുടെയും റിക്രൂട്ട്മെന്‍റ് നടക്കുന്ന വിദഗ്ധ തൊഴില്‍ മേഖലകളുടെയും വിവരം നോര്‍ക്ക വഴി അറിയിക്കും. ആരോഗ്യമേഖലയില്‍ പ്രത്യേകിച്ച് നഴ്സുമാര്‍ക്ക് ജപ്പാനില്‍ അവസരമുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാ സെന്‍ററുകള്‍ ആരംഭിക്കണമെന്ന് കേരളത്തിന്‍റെ ആവശ്യം പരിഗണിക്കാമെന്ന്
വിദേശകാര്യമന്ത്രാലയം ഉറപ്പു നല്‍കിയിട്ടുണ്ട്. വിദേശ റിക്രൂട്ട്മെന്‍റിന്‍റെ പേരിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗാര്‍ഥികളെ ചൂഷണം ചെയ്യുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്ന ഏജന്‍സികള്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം കര്‍ശന നടപടി കൈക്കൊള്ളുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ക്ഷേമ പദ്ധതി

ഐ. ടി, ഐ. ടി അനുബന്ധ മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള ക്ഷേമപദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്തിട്ടുണ്ട്. കേരളത്തിലെ ഐ. ടി ഹാര്‍ഡ് വെയര്‍ ഉത്പാദനം പതിനായിരം കോടി രൂപയിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. നിലവില്‍ ഇത് 2500 കോടി രൂപയാണ്. ഇത് സാധ്യമാക്കാന്‍ കേരളത്തിന്‍റെ പൊതുതാത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സ്വകാര്യ ഐ. ടി പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കും. ഇത്തരത്തില്‍ നവീന വികാസം മുന്നില്‍ കണ്ടാണ് കെ ഡിസ്ക്ക്, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവ സര്‍ക്കാര്‍ ആരംഭിച്ചത്. ഇതിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. പത്തു വര്‍ഷം തുടര്‍ച്ചയായി അംശാദായം അടയ്ക്കുന്ന തൊഴിലാളിക്ക് 60 വയസിന് ശേഷം പെന്‍ഷന്‍ ലഭിക്കും. ശാരീരികാവശതകളെ തുടര്‍ന്ന് തൊഴിലെടുക്കാനാകാതെ രണ്ടുവര്‍ഷമായി മാറിനില്‍ക്കുന്നവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടാവും. 3000 രൂപയാണ് പെന്‍ഷന്‍. ഓരോ വര്‍ഷവും 50 രൂപ വീതം പെന്‍ഷന്‍ വര്‍ധനവ് ലഭിക്കും.

കോവിഡിന്‍റെ കാലഘട്ടത്തില്‍ ഉണ്ടായിരിക്കുന്ന മോശം സാമ്പത്തികാവസ്ഥയില്‍ നമ്മുടെ ഐ. ടി മേഖലയെയും തൊഴിലാളികളെയും പ്രത്യേകം കരുതേണ്ടതുണ്ട്. ഇതിന് ക്ഷേമനിധി ഉപകരിക്കും. ഒന്നര ലക്ഷം തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്. കേരള ഷോപ്സ് ആന്‍റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്‍റ് ക്ഷേമനിധിയില്‍ ഈ മേഖലയിലെ 1,15,452 തൊഴിലാളികളും 2682 സംരംഭകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രവാസിചിട്ടി

പ്രവാസിചിട്ടി മൂന്നു വര്‍ഷം കൊണ്ട് അഞ്ഞൂറുകോടി എന്നിടത്തേക്കു വളര്‍ന്നിട്ടുണ്ട്. പ്രവാസി സഹോദരങ്ങളെ സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യവികസനത്തില്‍ പങ്കാളികളാക്കി അതുവഴി അവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വവും നാടിന് വികസനവും കൈവരുത്തുക എന്ന ആശയത്തിന്‍റെ ഫലപ്രാപ്തിയായിരുന്നു കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി.

ആദ്യ 250 കോടി രൂപ നിക്ഷേപിക്കുവാന്‍ ചിട്ടികള്‍ തുടങ്ങി 24 മാസം വേണ്ടിവന്നെങ്കില്‍ അത് 500 കോടിയിലെത്തുവാന്‍ വെറും 10 മാസം മാത്രമേ വേണ്ടിവന്നുള്ളൂ. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ പ്രവാസികളുടെ എണ്ണം 113000 കടന്നു. നിലവില്‍ വിദേശത്ത് താമസിക്കുന്ന 1,02812 പ്രവാസി മലയാളികളും ഇന്ത്യയില്‍ കേരളത്തിന് പുറത്ത് താമസിക്കുന്ന 10,250 പ്രവാസി മലയാളികളും അടക്കം 113062 പേര്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. എല്ലാ പ്രവാസികളും സ്വന്തം ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം നാടിന്‍റെ വികസനത്തില്‍ പങ്കാളികളാകാനുള്ള ഈ അവസരം വിനിയോഗിക്കണമെന്നഭ്യര്‍ഥിക്കുന്നു.

‍സിവിൽ സര്‍വീസ്

ഇത്തവണത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം സംസ്ഥാനത്തിന് ഏറെ അഭിമാനകരമാണ്. ആദ്യ നൂറു റാങ്കുകളില്‍ പത്തിലേറെ മലയാളികളാണ് സ്ഥാനം പിടിച്ചത്. മലയാളികളായ നാല്‍പതി രണ്ടോളം മത്സരാര്‍ത്ഥികള്‍ ഇത്തവണ സിവില്‍ സര്‍വീസ് യോഗ്യത നേടി. ആറാം റാങ്കു നേടിയ തൃശ്ശൂര്‍ സ്വദേശിനി കെ മീര രജ്യത്തിന്‍റെ തന്നെ ശ്രദ്ധയാകര്‍ഷിച്ചു.

വടകര സ്വദേശിയായ മിഥുന്‍ പ്രേംരാജ് പന്ത്രണ്ടാം റാങ്കും മുംബൈ മലയാളി കരിഷ്മ നായര്‍ 14ാം റാങ്കും നേടി. പി ശ്രീജ ,അപര്‍ണ രമേശ് , അശ്വതി ജിജി , നിഷ , വീണ എസ് സുധന്‍ , അപര്‍ണ്ണ എം ബി ,പ്രസന്നകുമാര്‍ എന്നിവരാണ് ആദ്യ 100 റാങ്കിനുള്ളില്‍ യോഗ്യത നേടിയ മറ്റുള്ളവര്‍.

കൂടാതെ മലായാളം ഐച്ഛിക വിഷയമായെടുത്ത്, മലയാളത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയ തിരുവനന്തപുരം കരിക്കകം സ്വദേശിനിയായ എസ്. അശ്വതിയുടെ വിജയം സംസ്ഥാനത്തിന്‍റെ സവിശേഷ നേട്ടമായി. 481ാം റാങ്കാണ് അശ്വതി നേടിയത്. നിര്‍മാണത്തൊഴിലാളിയായ പ്രമകുമാറിന്‍റെയും ശ്രീലതയുടെയും മകളാണ് അശ്വതി.

256ാം റാങ്ക് നേടിയ എ.എല്‍.രേഷ്മ തന്‍റെ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് സര്‍ക്കാര്‍ സ്കൂളിലാണെന്ന പ്രത്യേകതകോണ്ട് ശ്രദ്ധനേടി. കാഴ്ചപരിമിതിമറികടന്ന് കഴിഞ്ഞ വര്‍ഷം 804ാം റാങ്കു നേടിയ എസ് ഗോകുല്‍ ഇത്തവണ 357ാം സ്ഥാനത്തെത്തിയതും ഏറെ അഭിമാനകരമാണ്. അത്തരം നിരവധി പ്രത്യേകതകള്‍ ഉണ്ട് ഇത്തവണത്തെ ഫലത്തിന്. പരീക്ഷയില്‍ വിജയം നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. നാടിന്‍റെ നന്മയ്ക്കായി ആത്മാര്‍ത്ഥമായി സേവനം ചെയ്യാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

കാലാവസ്ഥ

മധ്യവടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദം ഇന്ന് വൈകുന്നേരത്തോട് കൂടി ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുലാബ് എന്നു പേരു നല്‍കപ്പെട്ട ഈ ചുഴലിക്കാറ്റ് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നാളെ വൈകുന്നേരത്തോട് കൂടി ആന്ധ്ര – ഒഡീഷ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

കേരളം ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തില്‍ ഇല്ലെങ്കിലും കേരള തീരത്തും കാറ്റ് ശക്തിപ്പെടാനും കാലവര്‍ഷം സജീവമാകാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ സെപ്റ്റംബര്‍ 28 വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്

നാളെ : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,പാലക്കാട്

27 നു : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്

28നു : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

സെപ്റ്റംബര്‍ 26, 27 തീയതികളില്‍ മത്സ്യതൊഴിലാളികള്‍ കേരളലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടില്ല. ഒറ്റപ്പെട്ട ശക്തമായ മഴ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉണ്ടാവുകയാണെങ്കില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്ക്കുള്ള സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതാണ്.